തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. ബിനീഷ് കോടിയേരിയുടെ ഭാര്യയെയും കുഞ്ഞിനെയും കാണണം എന്നാവശ്യപ്പെട്ട് ബന്ധുകള്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പ്രതിഷേധത്തിലിറങ്ങിയത്.
ബിനീഷ് കോടിയേരിയുടെ ഭാര്യയെയും കുഞ്ഞിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന് ബിനീഷിന്റെ ബന്ധുക്കള്‍ ആരോപിച്ചു. റെയ്ഡുമായി പൂര്‍ണമായും സഹകരിക്കുമെന്നും എന്നാല്‍ 24 മണിക്കൂറിലധികമായി എന്‍ഫോഴ്സ്മെന്റ് വീട്ടുതടങ്കലിലാക്കിയ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും കണ്ടതിന് ശേഷമേ മടങ്ങൂ എന്നും ബന്ധുകള്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ പരിശോധനയ്ക്ക് എത്തിയ സംഘം വ്യാഴാഴ്ച രാവിലെയായിട്ടും ബിനീഷിന്റെ വീട്ടില്‍ നിന്ന് മടങ്ങിയിട്ടില്ല. തുടര്‍ന്ന് നടന്ന റെയ്ഡ് പത്ത് മണിക്കൂര്‍ കൊണ്ട് അവസാനിപ്പിച്ച് മഹസര്‍ രേഖകള്‍ തയാറാക്കുന്ന നടപടികളിലേക്ക് കടന്നു. എന്നാല്‍ രേഖകളില്‍ ഒപ്പുവെക്കാന്‍ ബിനീഷിന്റെ ഭാര്യ ഒരു തരത്തിലും തയാറായില്ല. ലഹരി കടത്തുകേസ് പ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡ് ഇഡി ഉദ്യോഗസ്ഥരുടെ കൈയിലുണ്ടായിരുന്നു. ഇത് വീട്ടിൽനിന്ന് ലഭിച്ചതായി രേഖപ്പെടുത്തി ഒപ്പിട്ട് നൽകണമെന്ന ആവശ്യം ബിനീഷിന്റെ ഭാര്യ അംഗീകരിച്ചില്ല. എല്ലാ രേഖയുടെയും പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇഡി നൽകാത്തതും ദുരൂഹമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഇ.ഡി ഉദ്യോഗസ്ഥർ പുറത്തു നിന്ന് രേഖകൾ കൊണ്ടുവന്നു. കൊന്നാലും അതിൽ ഒപ്പിടില്ല എന്ന് ഇ.ഡിയുടെ കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ ബന്ധു പറഞ്ഞു.