അഖില്‍-ഡല്‍ഹി
1948 ജനുവരി 30, വൈകുന്നേരം 5.15 ന് ഡല്‍ഹിയിലെ ബില്‍ലാ ഭവനില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം തന്റെ മുറിയിലേക്ക് മടങ്ങവെ ഗാന്ധിജിയെ തേടി ഒരു സന്ദര്‍ശകനെത്തി, നഥുറാം വിനായക് റാവ് ഗോഡ്‌സെ. ഗാന്ധിജിയുടെ കൈപിടിച്ചിരുന്ന യുവതി പറഞ്ഞു ‘ബാപ്പു ക്ഷീണിതനാണ് സഹോദരാ, താങ്കള്‍ പിന്നെയെപ്പോഴെങ്കിലും വന്നോളൂ.’ അതിനുള്ള മറുപടി ഗോഡ്‌സെയുടെ കൈയ്യിലിരുന്ന ഇറ്റാലിയന്‍ നിര്‍മ്മിത റിവോള്‍വറില്‍ നിന്നും ഉതിര്‍ന്ന മൂന്ന് വെടിയുണ്ടകളായിരുന്നു. മുന്നു വെടിയുണ്ടകളും ബാപ്പുവിന്റെ നെഞ്ചകം തുളച്ചു കടന്നുപോയി. ‘ഹേ റാം’ എന്നു നിലവിളിച്ച് ഗാന്ധിജി നിലം പൊത്തി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ബാപ്പു ജീവന്‍ വെടിഞ്ഞു.
ലോകത്തെ ഞെട്ടിച്ച ചരിത്ര സംഭവത്തിന് മൂകസാക്ഷിയായ ഒരു വാഹനം ഇന്നും ഡല്‍ഹി നിരത്തിലൂടെ ഓടുന്നുണ്ട്. ഡോഡ്‌സെ ഉപയോഗിച്ച 1930-മോഡല്‍ സ്റ്റഡ് ബ്യൂക്ക് കാര്‍. ‘കില്ലര്‍’ എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നാള്‍വഴി പുസ്തകത്തില്‍ പേരു ചേര്‍ക്കപ്പെട്ട വാഹനത്തിന്റെ നമ്പര്‍ യു.എസ്.എഫ് 73 എന്നാണ്. പോലീസ് പിടിച്ചെടുത്ത വാഹനം 1978-ലാണ് ലേലത്തില്‍ വില്‍ക്കുന്നത്. സെയ്‌നി കാലിബ് എന്ന ആംഗ്ലോ ഇന്ത്യന്‍ ബിസിനസുകാരന്‍ 3500-രൂപക്ക് കാര്‍ ലേലത്തില്‍ എടുത്തു. പിന്നീട് സണ്ണി കൈലിംഗ് എന്ന ആഗ്ലോ ഇന്ത്യന്‍ വ്യവസായി ഈ കാര്‍ വാങ്ങി. രണ്ടുപേരും കാറിന്റെ ചരിത്രം അറിയാതെയാണ് വാങ്ങിയത്.
ഗാന്ധിജിയുടെ ഘാതകന്‍ ഉപയോഗിച്ച കാറാണെന്ന് അറിഞ്ഞപ്പോള്‍ കാറിന്റെ ഉടമകള്‍ അധികം ഉപയോഗിക്കാതെ വാഹനം കൈമാറുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ വാരണസില്‍ നിന്നും കൈമറിഞ്ഞ ഈ കാര്‍ 1999-ല്‍ ഡല്‍ഹി സ്വദേശിയായ പര്‍വേസ് റഹ്‌മാന്‍ സ്വന്തമാക്കി. കിഴക്കന്‍ ഡല്‍ഹിയില്‍ താമസമാക്കിയ പര്‍വേസ് വിന്റെജ് കാറുകളോട് വലിയ കമ്പമുള്ളയാളാണ്. തനിക്കുളള മറ്റൊരു കാറിന്റെ പാര്‍ട്‌സ് കണ്ടെത്താന്‍ പഴയ ഗാരേജുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഉത്തര്‍ പ്രദേശിലെ ബറേലിയിലെ വിന്റെജ് കാറുകളുടെ ഉടമയായ കമാല്‍ എന്ന വ്യക്തിയുടെ ഗാരേജില്‍ നിന്നാണ് ഈ വാഹനം വാങ്ങുന്നത്. മറ്റു പല ഉടമകളെയും പോലെ തന്നെ കില്ലറിന്റെ പൂര്‍വകാല ചരിത്രം പര്‍വേസിനും അറിയില്ലായിരുന്നു.

വിന്റേജ് കാര്‍ റാലികളില്‍ പങ്കെടുക്കാനെത്തിയ പല അവസരങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയപ്പോഴാണ് ‘കില്ലര്‍’ ആരുടെ കില്ലറായിരുന്നു എന്ന് ഇദ്ദേഹം അറിയുന്നത്.
ആറ് സിലിണ്ടറും, 26.5 എച്ച്പി പവറോടുകൂടിയ എന്‍ജിന്‍ റിപ്പയര്‍ ചെയ്ത് നന്നാക്കിയപ്പോള്‍ നന്നായി പ്രവര്‍ത്തിച്ചു. അതിനാല്‍ കാറിന്റെ പൂര്‍വ ചരിത്രമൊന്നും താന്‍ അന്വേഷിച്ചില്ലെന്ന് പര്‍വേസ് റഹ്മാന്‍ പറഞ്ഞു. വിന്റേജ് കാര്‍ റലികളില്‍ പങ്കെടുക്കുന്ന കില്ലറിന്റെ പ്രത്യേകതയും ഗാന്ധി ഘാതകന്‍ കൃത്യം നിര്‍വഹിക്കാന്‍ വന്നെത്തിയ കാര്‍ എന്നതാണ്. അത് പിന്നീട് ഈ വാഹനത്തിന്റെ അടയാളമായി, പല റാലികളിലും കില്ലറിന്റെ ഈ ഗതകാല ചരിത്രം ഈ വാഹനത്തെ വ്യത്യസ്ഥമാക്കി, കാറുകള്‍ക്കിടയില്‍ താരപരിവേഷവും ലഭിച്ചു.

വിന്റേജ് കാര്‍ റാലികളില്‍ പങ്കെടുക്കുക എന്ന ഒരേ ലക്ഷ്യത്തോടെയാണ് പര്‍വേസ് ഈ വാഹനം വാങ്ങിയത്. തന്റെ സ്റ്റഡ് ബ്യൂക്കര്‍ കാറിനെക്കുറിച്ച് തികഞ്ഞ അഭിമാനമാണ് പര്‍വേസിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ പായാന്‍ കഴിയുന്ന കാര്‍ നിരവധി കാര്‍ റാലികളില്‍ സമ്മാനവും നേടി. ഡല്‍ഹി-ഷിംല, ഡല്‍ഹി-ലാഹോര്‍, ഡല്‍ഹി -ജയ്പ്പൂര്‍ വിന്റേജ് കാര്‍ റാലികളില്‍ നിത്യനാണ് കില്ലര്‍. അവസാനം പങ്കെടുത്ത റാലിയില്‍ 40 കാറുകളുണ്ടായിരുന്നു, പലതും ഏറെ പഴക്കമുള്ളതും എന്നാല്‍ ആ കാറോട്ട മത്സരത്തിലെ താരം കില്ലര്‍ തന്നെയായിരുന്നു കാരണം വേറൊന്നുമല്ല, ചരിത്രത്തിലൂടെ ഓടിയ കാര്‍ എന്നതു തന്നെ. കറുപ്പും പച്ചയും പെയിന്റ് ചെയ്ത വാഹനത്തില്‍ നമ്പര്‍ പ്ലേറ്റില്‍ തന്നെ കില്ലര്‍ എന്ന് എഴുതി ചേര്‍ത്തിട്ടുണ്ട്. പലരും മോഹിപ്പിക്കുന്ന വിലയുമായെത്തിയെങ്കിലും കില്ലറിനെ കൈയ്യൊഴിയാന്‍ പര്‍വേസ് റഹ്‌മാന്‍ തയ്യാറായില്ല.
1930-ല്‍ നിര്‍മ്മിച്ച സ്റ്റഡ് ബ്യൂക്കിനെ കൂടാതെ കാറും ബൈക്കുകളുമായി 17 പുരാതന വാഹനങ്ങള്‍ വെറെയുമുണ്ട് പര്‍വേസിന്റെ ഗാരേജില്‍.

വിന്റെജ് കാര്‍ കമ്പം വമ്പന്‍ പണക്കാര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. കാരണം ഈ കാറുകളുടെ അറ്റകുറ്റപ്പണി ചെയ്ത് പരിപാലിക്കുക വലിയ പണച്ചിലവുള്ള കാര്യമാണ്. കേടായ ഒരു പാര്‍സ് വാങ്ങാന്‍ ചിലപ്പോള്‍ വിദേശ യാത്രതന്നെ വേണ്ടി വന്നേക്കാം, ഒരു സ്‌പെയര്‍പാര്‍ട്ടിന് ചിലവാകുന്നത് വന്‍ തുയായിരിക്കും. മാര്‍ബിള്‍ വ്യവസായിയും, കെട്ടിട നിര്‍മ്മാതാവുമായതിനാലാണ് ഇത്രയും വലിയ വിന്റേജ് കാറുകളുടെ സൂക്ഷിപ്പുകാരനാകാന്‍ പര്‍വേസ് റഹ്‌മാന് സാധിച്ചത്.
പര്‍വേസ് റഹ്മാന് സിദ്ദിഖ്വി 2015-ല്‍ മരണപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവായ റഹ്‌മാന്‍ സാഹിബാണ് ഇന്ന് കില്ലറിന്റെ സംരക്ഷകന്‍. അകാലത്തില്‍ വേര്‍പിരിഞ്ഞ മകന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ റഹ്‌മാന്‍ സാഹിബ് കാറിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പുതിയ ചായം തേച്ച് ഈ വാഹനം മോടിപിടിപ്പിച്ചു.

സ്റ്റഡ് ബ്യൂക്ക് എന്ന അമേരിക്കന്‍ വാഗണ്‍ നിര്‍മ്മാതാക്കള്‍ 1852-ല്‍ അമേരിക്കയിലെ സൗത്ത് ബെന്‍ഡിലാണ് ഫാക്ടറി ആരംഭിച്ചത്. 1736-ല്‍ ജര്‍മ്മനിയില്‍ നിന്നും ഫിലാഡല്‍ഫിയയിലേക്ക് കുടിയേറിയ പീറ്റര്‍ സ്റ്റഡ് ബ്യൂക്കും സഹോദരന്മാരും ചേര്‍ന്ന് സ്ഥാപിച്ചതാണ് ഈ കമ്പനി. ആദ്യകാലത്ത് ലോകമെമ്പാടും 12000 ഡീലര്‍മാരും, 15000 ജീവനക്കാരും ഉണ്ടായിരുന്ന വലിയ സ്ഥാപനമായിരുന്നു സ്റ്റഡ് ബ്യൂക്ക്.

സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്ന് അമേരിക്കയിലെ സൗത്ത് ബെന്‍ഡില്‍ നിന്നും കാനഡയിലേക്ക് മാറ്റി സ്ഥാപിച്ച ഫാക്ടറി 1963-ല്‍ നിര്‍മ്മാണം നിര്‍ത്തി. ഉത്തര്‍ പ്രദേശിലെ ജോന്‍പൂര്‍ രാജാവിന് വേണ്ടി പ്രത്യകം ഓര്‍ഡര്‍ കൊടുത്ത് നിര്‍മ്മിച്ചതായിരുന്നു ഈ കാര്‍. രാജാവ് ഹിന്ദു മാഹാസഭയുടെ അനുഭാവിയായിരുന്നു. അങ്ങനെയാണ് ഈ കാര്‍ നാഥുറാം ഗോഡ്‌സേയ്ക്ക് ലഭിക്കുന്നത്. പ്രത്യേകം ഓര്‍ഡര്‍ കൊടുത്ത് നിര്‍മ്മിച്ചതിനാല്‍ സ്റ്റഡ്ബ്യൂക്കിന്റെ നിര്‍മ്മാണ മികവ് വ്യക്തമാക്കുന്നതാണ് ഈ വാഹനം. അക്കാലത്തെ കാറുകളില്‍ ഇല്ലാത്ത പല പ്രത്യേകതകളും ഈ വാഹനത്തിനുണ്ട്. മാനുവല്‍ -ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമാണ് അതില്‍ എടുത്തു പറയാനുള്ളത്. സെല്‍ഫ് സ്റ്റാര്‍ട്ട് കൂടാതെ മോട്ടോര്‍ പമ്പുകളിലേത് പോലെ കൈകൊണ്ട് ക്രാങ്ക് കറക്കി സ്റ്റാര്‍ട്ടു ചെയ്യാനും സാധിക്കും. ടയറും സീറ്റും ഒഴികെ മറ്റെല്ലാ ഭാഗങ്ങളും ലോഹനിര്‍മ്മിതമാണ്. നിര്‍മ്മാണത്തിലെ മികവാണ് ഇന്നും ഈ വാഹനം കാര്‍ റാലികളില്‍ മുമ്പനാക്കുന്നത്.
ഗാന്ധിജിയുടെ ഭൗതീക ശരീരം രാജ്ഘട്ടിലെ സമാധിയിലേക്ക് സംവഹിച്ച സൈന്യത്തിന്റെ ഗണ്‍ കാരിയര്‍ ഇന്നും ഗാന്ധി സ്മൃതിയില്‍ സൂക്ഷിച്ചിട്ടുണ്ട്. തുരുമ്പെടുത്ത് ഓടിക്കാനാവാത്ത വിധമാണ് ആ വാഹനം. എന്നാല്‍ ഗാന്ധിജിയുടെ ഘാതകന്‍ ഉപയോഗിച്ച വാഹനമാകട്ടെ ഇന്നും റാലികളില്‍ കുതിച്ചോടുകയാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഗാന്ധിജിയുടെ സമാധിക്ക് എതിര്‍ വശത്ത് യുമന നദിക്ക് അക്കരെയാണ് ഗോഡ്‌സെയുടെ കാര്‍ അടങ്ങുന്ന പര്‍വേസ് റഹ്മാന്റെ ഗാരേജ്.
ഉത്തര്‍ പ്രദേശിലെയും ഡല്‍ഹിയിലെയും നിരത്തുകളിലൂടെ ഇരമ്പിയോടിയ കില്ലര്‍ ഒടുവില്‍ ബാപ്പുവിന്റെ സമാധിക്ക് സമീപം തന്നെ വന്നു ചേര്‍ന്നു. കേവലം യാദൃശ്ചികമാണെങ്കിലും ഈ കാര്യം ശ്രദ്ധിക്കപ്പെടുന്നു. ആദര്‍ശങ്ങളുടെയും നിലപാടുകളുടെയും അന്തരം സൂക്ഷിക്കുമ്പോഴും അറിയപ്പെടാത്ത ഏതോ ബന്ധങ്ങളുടെ കാണാച്ചരട് പോലെ തോന്നിക്കുന്നു ഈ സാമീപ്യം.