അബുദാബി: അബുദാബിയിലെ കിരീടാവകാശിയും സായുധ സേനാ തലവനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സ്മരണക്കായി ഉപഗ്രഹം നിര്‍മിക്കുന്നു. എംബിഇസഡ് സാറ്റ് ഉപഗ്രഹ പദ്ധതി ബുധനാഴ്ച യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പ്രഖ്യാപിച്ചു. പൂര്‍ണമായും സ്വദേശി ശാസ്ത്രജ്ഞര്‍ നിര്‍മിച്ച ഉപഗ്രഹം 2023ല്‍ വിക്ഷേപിക്കും. അതിസൂക്ഷ്മ ചിത്രങ്ങളും കൂടുതല്‍ വിവരങ്ങളും ഉപഗ്രഹം കൈമാറും.
നിലവിലുള്ള ഉപഗ്രഹങ്ങളെക്കാള്‍ ഇരട്ടി വ്യക്തതയോടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ എംബിഇസഡ്- സാറ്റ് ഉപഗഹത്തിനു കഴിയും. 200 ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും പദ്ധതിയുടെ ഭാഗമാണെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ എന്‍ജിനീയറിങ് വിഭാഗം സീനിയര്‍ ഡയറക്ടര്‍ അമര്‍ അല്‍ സായഗ് പറഞ്ഞു. എംബിഇസഡ്- സാറ്റിന് ഏതു പ്രതികൂല കാലാവസ്ഥയിലും രാത്രിയും പകലും ചിത്രങ്ങള്‍ പകര്‍ത്താനാകും.
2018ല്‍ വിക്ഷേപിച്ച ഖലീഫാസാറ്റിനു ശേഷം സ്വദേശി എന്‍ജിനീയര്‍മാര്‍ രൂപകല്‍പന ചെയ്യുന്ന ഉപഗ്രഹമാണിത്. യുഎഇയിലെ സര്‍വകലാശാല വിദ്യാര്‍ഥികള്‍ വികസിപ്പിച്ച നാനോ ഉപഗ്രഹം മാസിന്‍സാറ്റ് കഴിഞ്ഞമാസം വിജയകരമായി വിക്ഷേപിച്ചിരുന്നു.