ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം.
എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. ഓഫീസുമായി ബന്ധപ്പെട്ട കൂടുതല്‍ അഴിമതികളും പുറത്ത് വരാനിരിക്കുന്നതേയുള്ളു. നാല് വര്‍ഷം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഇഡി കസ്റ്റഡിയിലെടുത്തതോടെ അഴിമതിയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ജനങ്ങള്‍ക്ക് മനസിലായി. അഴിമതി ചെയ്തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. നാണം കെടാതെ മുഖ്യമന്ത്രി ഇനിയെങ്കിലും രാജി വയ്ക്കണം. കേരള ജനതയോട് മുഖ്യമന്ത്രിക്ക് ഇനിയൊരു ന്യായീകരണവും പറയാനില്ല. മുഖ്യമന്ത്രി തുടക്കം മുതല്‍ തന്നെ ശിവശങ്കറെ ന്യായീകരിച്ചു. സ്പ്രിംങ്കളര്‍ മുതല്‍ എല്ലാ അഴിമതികേസും അരങ്ങേറിയത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. സ്വര്‍ണക്കടത്ത് കേസിലെ എല്ലാ പ്രതികളെയും സംരക്ഷിക്കാനുള്ള ശ്രമം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. രാജിവച്ച് മുഖ്യമന്ത്രി നിയമത്തിന് കീഴടങ്ങണം.
ശിവശങ്കറെ കസ്റ്റഡിയിലെടുത്തതോടെ പ്രതിപക്ഷം ഉന്നയിച്ച എല്ലാകാര്യങ്ങളും സത്യമാണെന്ന് തെളിഞ്ഞു. അടുത്ത അന്വേഷണം മുഖ്യമന്ത്രിയിലേക്കാണ്. ജനാധിപത്യ കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും അപമാനിതനായ മുഖ്യമന്ത്രി വേറെയില്ല. ഈ കേസിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. അദ്ദേഹത്തിന്റെ ഓഫീസില്‍ എല്ലാ കള്ളക്കടത്തുകാര്‍ക്കും കയറിയിറങ്ങാന്‍ സാധിച്ചു.
ധാര്‍മിക ഉത്തരവാദിത്വം ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി രാജിവയ്ക്കണം. മുഖ്യമന്ത്രിക്ക് ഉളുപ്പുണ്ടെങ്കില്‍ രാജിവയ്ക്കട്ടെ. മുഖ്യമന്ത്രിയുടെ ആജ്ഞഅനുസരിച്ചാണ് ശിവശങ്കര്‍ പ്രവര്‍ത്തിച്ചത്. ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണ്. മുഖ്യമന്ത്രിയാണ് രോഗമെന്നും ചെന്നിത്തല വ്യക്തമാക്കി.









