മുംബൈ: ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ചാനലിന്റെ നിക്ഷേപകരെ മുംബൈ പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നിക്ഷേപകര്‍ക്ക് നോട്ടീസ് അയച്ചു.
ആര്‍പിജി പവര്‍ ട്രേഡിംഗ് ലിമിറ്റഡ്, ആനന്ദ് ഉദയോഗ് ലിമിറ്റഡ്, പൂര്‍വാഞ്ചല്‍ ലീസിംഗ് ലിമിറ്റഡ്, പാന്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഡൈനാമിക് സ്റ്റോറേജ് ആന്‍ഡ് റിട്രീവല്‍ സിസ്റ്റം തുടങ്ങിയ കമ്പനികള്‍ക്ക് വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ഒറ്റത്തവണയായി റിപ്പബ്ലിക് ചാനലിന് 32 ലക്ഷം രൂപ നല്‍കിയ ഹസ്ന റിസര്‍ച്ച് ഗ്രൂപ്പും അന്വേഷണ പരിധിയിലാണ്. ബാര്‍ക് മീറ്ററുകള്‍ സ്ഥാപിക്കുന്നതിന് കരാറെടുത്ത കമ്പനികളിലൊന്ന് ഹസ്ന റിസര്‍ച്ചാണ്.
ടിആര്‍പി റേറ്റിംഗില്‍ റിപബ്ലിക് ടിവി കൃത്രിമത്വം കാണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ടിആര്‍പി റേറ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലില്‍ (ബാര്‍കോഡ്) രഹസ്യമായി ഇടപെട്ട് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചെന്നാണ് പോലീസ് പറയുന്നത്.