തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഥമ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയായ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ലോഗോയ്ക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. കേരളാ ഗവര്‍ണര്‍ പുറപ്പെടുവിച്ച 2020 ലെ 45 ആം ഓര്‍ഡിനന്‍സ് പ്രകാരം നിലവില്‍ വന്ന ഓപ്പണ്‍ സര്‍വകലാശാല, മറ്റു സര്‍വകലാശാലകളില്‍ നിന്ന് വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്.
ഗുണനിലവാരമുള്ള വിദ്യഭ്യാസം എല്ലാവരിലും എത്തിക്കുവാനും നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കുന്ന കോഴ്സുകള്‍ പ്രദാനം ചെയ്യുവാനുമാണ് സര്‍വകലാശാല ഉദ്ദേശിക്കുന്നത്. പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുക. ഇത് വ്യക്തമായി തിരിച്ചറിയുന്നതിനും പഠിതാക്കളില്‍ താല്പര്യം ജനിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള ഒരു ലോഗോ സര്‍വകലാശാലയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. പാരമ്പര്യ-നൂതന ശാഖകളിലെ കോഴ്സുകള്‍ പ്രായഭേദമന്യേ സമസ്ത ജനങ്ങള്‍ക്കും പ്രദാനം ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുള്ള സര്‍വകലാശാലയുടെ ലോഗോയെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പൊതുധാരയില്‍ നിന്നും സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. മുബാറക് പാഷ അറിയിച്ചു.
തയ്യാറാക്കുന്ന ലോഗോയും നൂറു വാക്കില്‍ കുറയാത്ത ഒരു വിശദീകരണവും മേല്‍വിലാസവും സഹിതം നവംബര്‍ മാസം 5 ആം തീയതിക്ക് മുന്‍പ് logo.sreenarayanaguruou@gmail.com എന്ന ഈ-മെയിലില്‍ അയച്ചുതരേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് പതിനായിരം രൂപ പ്രതിഫലവും പശംസിപത്രവും നല്‍കുമെന്ന് രജിസ്ട്രാര്‍ ഡോ. പി. എന്‍. ദിലീപ് അറിയിച്ചു.