സുരേഷ് ഗോപിയുടെ 250 മത് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനത്തിനായി മലയാളത്തിലെ 100 താരങ്ങള്‍ ഒന്നിക്കുന്നു. ഇത്രയും താരങ്ങളെ അണിനിരത്തി ഒരു സിനിമയുടെ പ്രഖ്യാപനം നടത്തുന്നത് ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ഇന്ന് വൈകീട്ട് ആറ് മണിക്ക് മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, ദുല്‍ഖര്‍, നിവിന്‍പോളി അടക്കമുള്ള താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കും.
പൃഥ്വിരാജ് ഒഴികെയുള്ള യുവതാരങ്ങളെല്ലാം ഈ ടൈറ്റില്‍ പ്രഖ്യാപനത്തില്‍ പങ്കുചേരുന്നുണ്ട്. പൃഥ്വിരാജിന്റെ കടുവ എന്ന സിനിമയും, സുരേഷ് ഗോപിയുടെ കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതി വരെ എത്തിയിരുന്നു. അതുകൊണ്ട് പൃഥ്വിയ്‌ക്കെതിരായ നീക്കമെന്നാണ് ചിലരുടെ വാദം. എന്നാല്‍ ഇതിന് മറുപടിയുമായി സുരേഷ്‌ഗോപി തന്നെ എത്തി. ഇതൊരു ഫാന്‍ ഫൈറ്റ് ആകരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും മലയാളികളുടെ പ്രിയനടന്‍ തന്നെയാണ് പൃഥ്വിരാജ് എന്നും സുരേഷ് ഗോപി പറഞ്ഞു. രണ്ട് സിനിമയുടെ തിരക്കഥയും വ്യത്യസ്തമാണെന്നും രണ്ട് സിനിമയും നടക്കട്ടെ എന്നും ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാന്‍ ഉള്‍പ്പെടെ ഉള്ള ആളുകളുടെ നിലനില്‍പിന് കോട്ടം വരാത്ത രീതിയില്‍ മുന്നോട്ട് പോവുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് സിനിമയ്ക്കും ഒരേ കഥയാണെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. കടുവാക്കുന്നേല്‍ കുറുവച്ചന്‍ വിവാദത്തിലെ കോടതി വിധി പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയ്ക്ക് അനുകൂലമായിരുന്നു. ജിനു എബ്രഹാമിന്റേതാണ് തിരക്കഥ.
സുരേഷ് ഗോപി 250ാം ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപ്പാടം ആണ്. മാത്യൂസ് തോമസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.
സുരേഷ് ഗോപിയുടെ വാക്കുകള്‍
ഇത് ഒരു fan fight ആവരുതേ എന്നു എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. മലയാളികളുടെ പ്രിയ നടന്‍ തന്നെ ആണ് പ്രിഥ്വി. ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാന്‍ ഉള്‍പ്പെടെ ഉള്ള ആളുകളുടെ നിലനില്‍പിന് കോട്ടം വരാത്ത രീതിയില്‍ മുന്നോട്ട് പോവുക എന്നതാണ്.
രണ്ട് സിനിമയും നടകട്ടെ.
രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ….
എന്റെ സിനിമയും പ്രിഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു fan war ആകരുത് എന്ന് അപേക്ഷിക്കുന്നു.


















