ഐ ഗോപിനാഥ്
അവസാനം സാമ്പത്തികസംവരണം എന്ന ഓമനപേരില്‍ കേരളത്തിലും സവര്‍ണ്ണ ജാതി സംവരണം നടപ്പാകുകയാണ്. അതിനായി സര്‍വീസ് ചട്ടം ഭേദഗതി ചെയ്ത പിഎസ്സി നടപടിക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം നടപ്പാകാനാണ് തീരുമാനം എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. തങ്ങളുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് അതെന്നും സര്‍ക്കാര്‍ പറയുന്നു. ഇനി വിജ്ഞാപനം കൂടി ഇറങ്ങിയാല്‍ ചിത്രം പൂര്‍ത്തിയാകും.
എല്ലാവര്‍ക്കുമറിയാവുന്നപോലെ ഇന്ത്യയില്‍ തന്നെ സാമ്പത്തിക സംവരണമെന്ന ആവശ്യം ആദ്യം മുന്നോട്ടുവെച്ചത് സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു. അപ്പോള്‍ പോലും അത് ജാതി – മത – പരിഗണനകളില്ലാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുക എന്നായിരുന്നു. എന്നാല്‍ അതുപോലുമില്ല ഇപ്പോള്‍ നടപ്പാകാന്‍ പോകുന്നത്. സാമ്പത്തികസംവരണം എന്നൊക്കെ പറയുമ്പോഴും ഫലത്തില്‍ ഇത് ജാതിസംവരണം തന്നെയാണ്. കൃത്യമായി പറഞ്ഞാല്‍ സവര്‍ണ്ണ ജാതിസംവരണം. ഈ സംവരണം നല്‍കുന്നത് സവര്‍ണ്ണ ജാതികളില്‍ പെട്ട, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമാത്രമാണ്. ഒബിസി വിഭാഗങ്ങളില്‍ ക്രീമിലെയര്‍ ഒഴിവാക്കുന്നുപോലെ സവര്‍ണ്ണജാതികളില്‍ പെട്ടവരിലെ ക്രീമിലെയര്‍ ഒഴിവാക്കുന്നു. അപ്പോള്‍ ഇതെങ്ങിനെയാണ് സാമ്പത്തിക സംവരണമാകുന്നത്?
ഇനി ആരെയാണ് സംവരണത്തില്‍ നിന്ന് ഒഴിവാക്കുന്നത് എന്നു നോക്കൂ. കുടംബവാര്‍ഷികവരുമാനം നാലുലക്ഷത്തില്‍ കവിയുന്നവരെ, പഞ്ചായത്തില്‍ 2.5 ഏക്കറിലും മുന്‍സിപ്പാലിറ്റിയില്‍ 75 സെന്റിലധികവും കോര്‍പ്പറേഷനില്‍ 50 സെന്റിലധികവും ഭൂമിയുള്ളവരെ, വീടുള്‍പ്പെടുന്ന പ്രദേശത്ത് 20 സെന്റിലും കോര്‍പ്പറേഷന്‍ പ്രദേശത്ത് 15 സെന്റിലും അധികമുള്ളവരെ. ചുരുക്കത്തില്‍ സാമ്പത്തികമായി ഏറെ ഭേദപ്പെട്ടവരും സംവരണത്തിനര്‍ഹരാകുമെന്നര്‍ത്ഥം. മാത്രമല്ല, സര്‍ക്കാര്‍ – പൊതുമേഖലാ ഉദ്യോഗസ്ഥരൊഴികെ മറ്റാരുടെയെങ്കിലും വരുമാനം കൃത്യമായി കണ്ടെത്താന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഇപ്പോഴുണ്ടോ? ഫലത്തില്‍ സവര്‍ണ്ണ ജാതികളിലെ ബഹുഭൂരിപക്ഷവും സംവരണത്തിന് അര്‍ഹരാകുമെന്നര്‍ത്ഥം. ഇപ്പോള്‍ തന്നെ ജാതിസംവരണത്തിന് അര്‍ഹരായ സമുദായങ്ങളില്‍ നിന്ന് ഓപ്പണ്‍ മെറിറ്റില്‍ ജോലി കിട്ടുന്നവരെ പോലും അതു നല്‍കാതെ, സംവരണലിസ്റ്റിലാണ് ഉള്‍പ്പെടുത്തന്നതെന്ന പരാതി വ്യാപകമായുണ്ട്. അങ്ങനെ ഓപ്പണ്‍ മെറിറ്റിലെ ബഹുഭൂരിപക്ഷവും ലഭിക്കുന്നത് സവര്‍ണ്ണവിഭാഗങ്ങള്‍ക്കുതന്നെയാണ്. ജനസംഖ്യാനുപാതത്തേക്കാള്‍ ഏറെ കൂടുതലാണത്. അതോടൊപ്പം ഈ സംവരണം കൂടിയാകുമ്പോള്‍ സര്‍ക്കാര്‍ ജോലികളില്‍ ബഹുഭൂരിപക്ഷവും ലഭിക്കുക സവര്‍ണ്ണ വിഭാഗങ്ങള്‍ക്കായിരിക്കും എന്നുറപ്പ്.
ഏറ്റവും ശത്രുതാപരമായ രാഷ്ട്രീയ നിലപാടുള്ളവരാണ് കമ്യൂണിസ്റ്റുകാരും സംഘപരിവാറുകാപും എന്നാണല്ലോ വെപ്പ്. എന്നാല്‍ ഇരുകൂട്ടരും മുന്നോക്ക സംവരണത്തിന്റെ വക്താക്കളായി മാറുകയാണ് എന്നതാണ് കൗതുകകരം. സാമ്പത്തികസംവരണം നടപ്പാക്കുന്നു എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ തങ്ങളാണത് ആദ്യം ആവശ്യപ്പെട്ടതെന്ന് സിപിഎം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ അഭിമാനപൂര്‍വ്വം പ്രഖ്യാപിച്ചിരുന്നല്ലോ. അതിനായി ഭരണഘടന ഭേദഗതി ചെയ്യാനും സിപിഎം ആവശ്യപ്പെട്ടിുരുന്നു. ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ കൂടുതല്‍ ഉദാരതയോടെയാണ് കേരളത്തില്‍ മുന്നോക്ക സംവരണം നടപ്പാക്കുന്നത്. ദേവസ്വം ബോര്‍ഡില്‍ പരീക്ഷണാര്‍ത്ഥം നേരത്തെ തന്നെയിതു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കെ എ എസിലാകട്ടെ സംവരണം അട്ടിമറിക്കാനുള്ള നീക്കവും നടന്നു.
എന്തുകൊണ്ട് കമ്യൂണിസ്റ്റുകാരും സംഘപരിവാറുകാരും ഈ വിഷയത്തില്‍ ഒന്നിക്കുന്നു എന്നു പരിശോധിക്കേണ്ടതാണ്. ഡോ ബി ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന ജാതി സംവരണം എന്ന ആശയത്തിന്റെ രാഷ്ട്രീയം ഇരുകൂട്ടര്‍ക്കും മനസ്സിലാകുന്നില്ല എന്നതാണ് വസ്തുത. വര്‍ഗ്ഗസമരസിദ്ധാന്തത്തിലൂടെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമാണല്ലോ കമ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിപിടിക്കുന്നത്. തൊഴിലാളിവര്‍ഗ്ഗത്തെ ഭിന്നിപ്പിക്കുന്ന ഒന്നു മാത്രമാണ് അവര്‍ക്കു ജാതി. സമൂര്‍ത്ത സാഹചര്യങ്ങളെ സമൂര്‍ത്തമായി പഠിക്കുക എന്ന മാര്‍ക്‌സിസ്റ്റ് സമീപനം സ്വീകരിച്ചിരുന്നു എങ്കില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ എന്താണ് ജാതി എന്ന് അവര്‍ക്ക് മനസ്സിലാകുമായിരുന്നു. എന്നാല്‍ വ്യവസായിക വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്‌സ് രൂപം കൊടുത്ത വര്‍ഗ്ഗസമര സിദ്ധാന്തത്തെ അതേപടി ഇവിടേയും പ്രയോഗിക്കാന്‍ ശ്രമിച്ചതിനാലാണ് അതിനുള്ള പ്രധാന കാരണം. സാമ്പത്തികനീതിയെ കുറിച്ചാണ് അവര്‍ വാചാലരാകുക. സാമൂഹ്യനീതിയെ കുറിച്ചല്ല.സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹ്യവിപ്ലവമായിരുന്ന മണ്ഡല്‍ കമ്മീഷന്റെ അലയൊലികള്‍ കേരളത്തില്‍ കാര്യമായി എത്താതിരുന്നതിനും കാരണം പ്രധാനമായും ഇടതുപക്ഷത്തിന്റെ ഈ സാമ്പത്തിക മാത്ര നിലപാടായിരുന്നു. എങ്ങനേയും സാമ്പത്തിക തുല്ല്യത വരുത്തി സോഷ്യലിസം എന്ന സ്വര്‍ഗ്ഗരാജ്യം സ്ഥാപിക്കാമെന്നാണല്ലോ അവര്‍ കിനാവു കണ്ടതും ഇപ്പോഴും കാണുന്നതും. അംബേദ്കര്‍ രാഷ്ട്രിയത്തെ ഏറെകാലം തടഞ്ഞിനിര്‍ത്തിയതും മറ്റാരുമല്ല. മറുവശത്ത് ഹീന്ദുത്വരാഷ്ട്രം കിനാവുകാണുന്ന സംഘപരിവാറിനാകട്ടെ ഹിന്ദുത്വത്തെ നെടുകെ പിളര്‍ക്കുന്നതാണ് ജാതിവ്യവസ്ഥ. അതവരുടെ രാഷ്ട്രീയലക്ഷ്യത്തെ തകര്‍ക്കുന്നതാണ്. അവരുടെ വിഭാവനത്തിലുള്ള ഹിന്ദുത്വരാഷ്ട്രത്തിന്റെ അടിത്തറ മനുസ്മൃതിയും ചാതുര്‍വര്‍ണ്ണ്യവുമല്ലാതെ മറ്റൊന്നല്ല. പിന്നയെങ്ങനെ അവര്‍ക്ക് ജാതിസംവരണത്തെ പിന്തുണക്കാനാകും?
ഇന്ത്യന്‍ സമൂഹത്തില്‍ 1800ല്‍ പരം വര്‍ഷങ്ങളായി സാമുഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും അടിച്ചമര്‍ത്തപെട്ട ജനസമൂഹങ്ങളെ അവരുടെ പിന്നോക്കാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ട്, മുഖ്യധാരയിലേക്കും അധികാരത്തിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള ഒരു പദ്ധതിയാണ് ജാതിസംവരണം എന്നത് ഇവരാരും മനസ്സിലാക്കിയില്ല. അധികാരത്തിലെ പങ്കാളിത്തമാണ് സംവരണത്തിലൂടെ അംബേദ്കര്‍ വിഭാവനം ചെയ്തത്. സമൂഹത്തിലെ പാവപ്പെട്ടവരെ സാമ്പത്തികമായി കൈപിടിച്ചുയര്‍ത്തി കൊണ്ടുവരാനുള്ള മാര്‍ഗമാണ് സംവരണം എന്നാണ് നിര്‍ഭാഗ്യവശാല്‍ പലരും ധരിച്ചുവെച്ചിരിക്കുന്നത്. സംവരണത്തിന്റെ പ്രാഥമികലക്ഷ്യം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമോ തൊഴിലും വിദ്യാഭ്യാസവും നല്‍കലോ അല്ല. മറിച്ച് സാമൂഹ്യനീതി നേടിയെടുക്കലാണെന്ന സത്യമാണ് ഇക്കുട്ടര്‍ അറിയാത്തത്. അറിഞ്ഞാലും ഇല്ലെന്നു നടിക്കുന്നത്. അതിനു ഇന്നോളം അധികാരം നിഷേധിക്കപ്പെട്ടവര്‍ തീരുമാനങ്ങളെടുക്കുന്ന നിര്‍ണ്ണായക സ്ഥാനങ്ങളില്‍ എത്തണം. ജാതിസംവരണം അര്‍ഹതയേയും തുല്ല്യതയേയും തകര്‍ക്കുന്നു എന്നുമവര്‍ വാദിക്കുന്നു. കാലങ്ങളായി അടിമകളെപോലെയും ചൂഷണത്തിന് വിധേയരായും അവകാശങ്ങള്‍ നിഷേധിക്കപെട്ടും മൃഗതുല്യമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ജനവിഭാഗങ്ങങ്ങളോട് ഒരു സുപ്രഭാതത്തില്‍ എല്ലാമനുഷ്യരും തുല്യരാണ് എന്നുപറയുക, നൂറ്റാണ്ടുകളായി മുഴുവന്‍ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് തടിച്ചുകൊഴുത്ത എണ്ണത്തില്‍ ചുരുക്കംവരുന്ന സവര്‍ണ്ണരുമായി് മത്സരിക്കാന്‍ പറയുക, അതില്‍ ജയിക്കുന്നതാണ് യോഗ്യത എന്നു പറയുക.. നീതിബോധവും ചരിത്രബോധവുമുള്ള ആര്‍ക്കെങ്കിലും അതംഗീകരിക്കാനാവുമോ|? ഇത്തരം സാഹചര്യത്തില്‍ ഈ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായ പരിഗണന നല്‍കിയില്ലെങ്കില്‍ സാമൂഹിക സാമ്പത്തിക രാഷ്ട്രീയജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും അവര്‍ തൂത്തെറിയപ്പെടും. അതായത് കേവലം ഏതെങ്കിലും ഉദ്യോഗം കിട്ടുന്നതിന്റേയോ, എം.പി, എം.എല്‍. എ സ്ഥാനം നേടുന്നതിന്റെയോ കാര്യം എന്നതിനുമപ്പുറം ഒരു ആധുനിക രാഷ്ട്രം അതിലെ മുഴുവന്‍ പൗരന്‍മാരേയും എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നുള്ള വളരെ ഗൗരവമായ രാഷ്ട്രീയ ആലോചനയുടെ ഫലമാണ് സംവരണം.
സംവരണം കാലാകാലത്തെക്കുള്ളതല്ലതാനും. എന്നു ജനസംഖ്യാനുപാതികമായി നിലവിലെ സംവരണമനുഭവിക്കുന്ന സമൂഹങ്ങള്‍ മറ്റു ഉയര്‍ന്നവിഭാഗങ്ങളുമായി തുല്യതയില്‍ എത്തുന്നുവോ അന്ന് ആ വിഭാഗത്തിന്റെ സംവരണ ആനുകൂല്യങ്ങള്‍ എടുത്തുമാറ്റണമെന്ന് ഭരണഘടനശില്‍പികള്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല ആദിവാസികളും ദളിതുകളുമോഴിച്ചുള്ള സംവരണവിഭാഗങ്ങളിലെ സമ്പന്നരെ സംവരണ ആനുകൂല്യങ്ങളില്‍നിന്നും ഏറെക്കുറെ ഒഴിവാക്കിയിട്ടുണ്ട്. മറുവശത്ത് ഓരോ രാഷ്ട്രത്തിലെയും പാവെപ്പട്ടവരെ സംരക്ഷിക്കാന്‍ അതാതുരാഷ്ട്രങ്ങള്‍ അവരുടെ സാമ്പത്തികനയങ്ങള്‍ രൂപപ്പെടുത്തുകയാണ് ചെയ്യേണ്ടത്. അത്തരം സാമ്പത്തികനയങ്ങള്‍ക്കുള്ളില്‍ തന്നെ നിന്നുകൊണ്ട് സാമുഹ്യനീതി നടപ്പാക്കുന്നതിനായി ഒരു ചെറിയ കൈത്താങ്ങ് മാത്രമാണ് സംവരണം. അതിന്റെ രാഷ്ട്രീയമാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്.
മറുവശത്താകട്ടെ സ്വകാര്യവല്‍ക്കരണ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യം കൂടിയാണിത്. സ്വകാര്യമേഖലയിലാകട്ടെ സംവരണമില്ല താനും. സര്‍ക്കാരുകളില്‍ നിന്നു വലിയ തോതില്‍ ആനുകൂല്യങ്ങളും ഇളവുകളും നേടിയെടുക്കുന്ന സ്വകാര്യ മേഖല പിന്നാക്കക്കാര്‍ക്കു ജോലി സംവരണം നല്‍കണമെന്നു ദേശീയ പിന്നാക്ക സമുദായ കമ്മിഷന്റെ നിര്‍ദേശം ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞു വരുകയും സര്‍ക്കാരിന്റെ എല്ലാ സഹായത്തോടേയും സ്വകാര്യമേഖല ശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമൂഹ്യനീതി എന്ന ലക്ഷ്യം നേടിയെടുക്കാന്‍ സ്വകാര്യമേഖലയിലെ സംവരണം അനിവാര്യമാണ്. . അതിനായുള്ള പ്രക്ഷോഭമാണ് വാസ്തവത്തില്‍ നടക്കേണ്ടത്.
സംവരണീയ സമൂഹങ്ങളോട് കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ ഒരു അനീതിയെ കുറിച്ചുകൂടി പറയട്ടെ. സര്‍ക്കാര്‍ വേതനം കൊടുക്കുന്ന എയ്ഡഡ് മേഖലയില്‍ സംവരണം നിഷേധിക്കുക വഴി നടക്കുന്നത് തികഞ്ഞ ഭരണഘടനാ ലംഘനമാണ്. ഇന്ന് വിദ്യാഭ്യാസ മേഖലയുടെ 78% വും എയ്ഡഡ് സ്ഥാപനങ്ങളാണ്. രണ്ടുലക്ഷത്തോളം പേര്‍ ഈ മേഖലയില്‍ അധ്യാപകരായും അനധ്യാപകരായും ജോലി ചെയ്യുന്നുണ്ട്. അതില്‍ 20000 അവസരങ്ങള്‍ ദളിത് വിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഈ മേഖലയില്‍ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം ഏകദേശം 10000 കോടി രൂപയോളം ആണ്. അതിന്റെ 1000 കോടി വിഹിതവും അവര്‍ക്കു നിഷേധിക്കുന്നു. മാത്രമല്ല മാനേജ്‌മെന്റിനു പണം കൊടുത്ത് തൊഴില്‍ നേടിയവരെ പിന്നീട് സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും മാറ്റുന്നു. അടുത്തയിടെ അത്തരത്തില്‍ നാലായിരത്തോളം പേരെ മാറ്റി. അതിലൂടെ സര്‍ക്കാര്‍ സ്‌കൂളിലെ സംവരണാനുകൂല്യവും നിഷേധിക്കപ്പെടുന്നു. ഈ കടുത്ത ഭരണഘടനാലംഘനം പോലും നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വിഷയമല്ല എന്നതാണ് ഏറ്റവും ഖേദകരം.