മസ്കറ്റ്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഒമാനില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രി യാത്ര വിലക്ക് അവസാനിച്ചതായി അധികൃതര്‍ അറിയിച്ചു. കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതോടെയാണ് രാജ്യം വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് വിലക്ക് അവസാനിച്ചത്. എന്നാല്‍ ബീച്ചുകളിലേക്കുള്ള പ്രവേശന വിലക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ 11 മുതലാണ് ഒമാനില്‍ രാത്രി യാത്ര വിലക്ക് പ്രാബല്യത്തില്‍ വന്നത്. രാത്രി എട്ടു മണിമുതല്‍ പുലര്‍ച്ചെ അഞ്ചു മണിവരെയായിരുന്നു സഞ്ചാര നിയന്ത്രണം. വിലക്ക് അവസാനിച്ചതോടെ ഇനി മുതല്‍ മുവാസലാത്ത് ബസുകള്‍ സാധാരണ നിലയില്‍ സര്‍വീസ് നടത്തും. മസ്‌കറ്റ്-സലാല സര്‍വീസുകളും പുനരാരംഭിക്കും. മസ്‌കറ്റ് സിറ്റി സര്‍വീസുകളും ഇന്റര്‍ സിറ്റി സര്‍വീസുകളും സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിരീക്ഷണം തുടരുമെന്നും പരമോന്നത സമിതി അറിയിച്ചു.














