തിരുവനന്തപുരം: സംസ്ഥാനത്ത് സവാള കിലോ 45 രൂപയ്ക്ക് വില്‍ക്കുമെന്ന് ഫോര്‍ട്ടികോര്‍പ്പ്. സവാള വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള തീരുമാനം. നാഫെഡ് വഴി കൂടുതല്‍ സവാള ഇറക്കുമതി ചെയ്ത് സപ്ലൈകോ വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.
സവാള അടക്കം പച്ചക്കറികള്‍ക്കെല്ലാം വില കുതിച്ചുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. 75 ടണ്‍ സവാളയാണ് നാഫെഡില്‍ നിന്ന് അടിയന്തരമായി എത്തിക്കുന്നത്. മഹാരാഷ്ട്രയിലെ നാസികില്‍ നിന്നും 25 ടണ്‍ സവാള ആദ്യഘട്ടമായി തിരുവനന്തപുരത്തും കൊച്ചിയിലും ഇറക്കി.
ഈ ആഴ്ച തന്നെ കൂടുതല്‍ സവാള എത്തിച്ച് പരമാവധി ഇടങ്ങളില്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഉളളി, വെളുത്തുളളി, കാരറ്റ് തുടങ്ങി വിലക്കയറ്റമുണ്ടായ മറ്റ് പച്ചക്കറികളുടേയും വില പിടിച്ചുനിര്‍ത്താന്‍ നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ മഴ മൂലം വിളവെടുപ്പ് മുടങ്ങിയതോടെയാണ് വില അനിയന്ത്രിതമായി കുതിച്ചത്.