ജെറുസലേം: യുഎഇയില്‍ നിന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് വിസ ആവശ്യമില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലിലെ ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ യു.എ.ഇയില്‍ നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതിനിധി സംഘം എത്തിയതിനുശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ചു ഇരു രാജ്യങ്ങളും തമ്മില്‍ കരാറായി.
നയതന്ത്ര കരാറിനു പിന്നാലെ യുഎഇയില്‍ നിന്നുള്ള ആദ്യത്തെ പ്രതിനിധി സംഘം ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലെത്തി. ചൊവ്വാഴ്ച നാലു കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു. സമ്പദ്വ്യവസ്ഥ, ശാസ്ത്രം, സാങ്കേതിക വിദ്യ, വ്യോമയാന മേഖലകളിലാണ് കരാറുകള്‍. ഇരു രാജ്യങ്ങളും ചേര്‍ന്ന് ‘അബ്രഹാം ഫണ്ടി’ന് രൂപം നല്‍കി. അബ്രഹാം അക്കോഡ് കരാറിന്റെ ഭാഗമായ കൂടുതല്‍ സഹകരണത്തിനാണ് ഫണ്ടിന് രൂപം നല്‍കിയത്. പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്തുന്നതിനും ഊര്‍ജമേഖലയിലെ സഹകരണവും ഫണ്ടിലൂടെ ലക്ഷ്യമിടുന്നു. മിഡില്‍ ഈസ്റ്റിന്റെ വികസനത്തിന് മൂന്ന് ബില്യണ്‍ ഡോളര്‍ സ്വകാര്യ മേഖലയില്‍ നിക്ഷേപിക്കും. ഇതിലേക്ക് മറ്റ് രാജ്യങ്ങളെയും ക്ഷണിച്ചു.
ഇസ്രായേലില്‍ നിന്നുള്ള വിനോദ സഞ്ചാരികളുമായി ആദ്യ ഇത്തിഹാദ് വിമാനം അബൂദബിയില്‍ എത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ആഴ്ചയില്‍ 28 വാണിജ്യ വിമാന സര്‍വിസുകള്‍ നടത്താനാണ് തീരുമാനം. സെപ്തംബര്‍ 15നാണ് വൈറ്റ് ഹൗസില്‍ വച്ച് അമേരിക്കയുടെ മധ്യസ്ഥതയില്‍ യു.എ.ഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്.


















