യു.എ.ഇ: ദുബൈയില്‍ വിവാഹ പാര്‍ട്ടികള്‍ക്കും ചെറിയ സാമൂഹിക പരിപാടികള്‍ക്കും അനുമതി. ഹോട്ടലുകളിലും ഹാളുകളിലും വിവാഹ വേദികളിലും പരമാവധി 200 പേരെ പങ്കെടുപ്പിച്ച് കല്യാണ പാര്‍ട്ടികള്‍ നടത്താമെന്ന് ദുരന്തനിവാരണ സമിതി അറിയിച്ചു.വീടുകളിലും ടെന്റുകളിലും 30 പേര്‍ക്ക് പങ്കെടുക്കാം. സമയ ദൈര്‍ഘ്യം നാലുമണിക്കൂറില്‍ കൂടുതല്‍ പരിപാടി നീണ്ടുപോകരുത്.
പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരും പങ്കെടുക്കുന്നതിന് വിലക്കുണ്ട്. എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രം മാസ്‌കുകള്‍ മാറ്റാം. ഒരു ടേബിളിന് ചുറ്റും അഞ്ചു പേരില്‍ കൂടുതല്‍ ഇരിക്കരുത്. നേര്‍ക്കുനേരെ ഇരിക്കുന്നത് ഒഴിവാക്കണം. ഓരോരുത്തര്‍ക്കുമിടയില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം.
ഓരോ ടേബിളും തമ്മില്‍ രണ്ടു മീറ്റര്‍ അകലമുണ്ടായിരിക്കണം. ഹസ്തദാനം, ചുംബനം, ആശ്ലേഷണം തുടങ്ങിയവ ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹോട്ടലുകള്‍ക്കും ഹാളുകള്‍ക്കും അധികൃതര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി്. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പിഴ അടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.