തൊടുപുഴ: ജോസ് കെ.മാണി വിഭാഗത്തിനെതിരെ വിമര്‍ശനവും പരിഹാസവുമായി പി.ജെ ജോസഫ്. ജോസ് വിഭാഗം ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പുവള്ളമാണെന്ന് പി.ജെ ജോസഫ് കുറ്റപ്പെടുത്തി. എപ്പോള്‍ വേണമെങ്കിലും അത് മുങ്ങാമെന്നും അദ്ദേഹം പരിഹസിച്ചു.
കേരളാ കോണ്‍ഗ്രസില്‍ നേതാക്കള്‍ ഏറെയും ജോസിനെ കൈവിട്ടിരിക്കുകയാണെന്നും ഇല്ലാത്തകാര്യം പറയുന്ന റോഷി അഗസ്റ്റിന്‍ എംഎല്‍എ മാത്രമാണ് അദ്ദേഹത്തിനൊപ്പം ഉള്ളതെന്നും പി.ജെ ജോസഫ് ചൂണ്ടിക്കാട്ടി.
അതേസമയം ജോസ് വിഭാഗം എല്‍ഡിഎഫ് പ്രവേശനം ഉറപ്പിച്ചതോടെ കേരളാ കോണ്‍ഗ്രസ് മത്സരിച്ചുവന്ന എല്ലാ സീറ്റുകളും തങ്ങള്‍ക്ക് നല്‍കണമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ വേണ്ടെന്നും കേരളാ കോണ്‍ഗ്രസ്-എം മത്സരിച്ചുവന്ന സീറ്റുകള്‍ കിട്ടണമെന്നുമാണ് ജോസഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്.
നേതാക്കളുടേയും അണികളുടേയും വലിയനിര ഒപ്പമുണ്ടെന്നും ഇത് കണക്കിലെടുത്താണ് തീരുമാനങ്ങളെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളില്‍ 1212 സീറ്റിലും 15 നിയമസഭാ സീറ്റിലുമാണ് കേരളാ കോണ്‍ഗ്രസ്-എം മത്സരിച്ചിരുന്നത്.