അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഒഡീഷ സ്വദേശി ഷൊയ്ബ് അഫ്താബ്. 720ല്‍ 720 മാര്‍ക്കും നേടിയാണ് ഷൊയ്ബിന്റെ വിജയം. 710 മാര്‍ക്കോടെ കേരളത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ 12ാം റാങ്കും നേടിയത് കൊയിലാണ്ടി കൊല്ലം സ്വദേശി എസ് ആയിഷയാണ്.
മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി ഒരു കാര്‍ഡിയാക് സര്‍ജനാവുകയാണ് ഒഡീഷ റൂര്‍ക്കല സ്വദേശിയായ ഷൊയ്ബ് അഫ്താബിന്റെ സ്വപ്നം. രാജസ്ഥാനിലെ കോട്ടയിലെ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോച്ചിങ്ങിന് ചേര്‍ന്ന അഫ്താബ് രണ്ട് വര്‍ഷത്തോളമായി കഠിന പ്രയത്‌നത്തിലായിരുന്നു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സഹപാഠികള്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും അഫ്താബ് കോട്ടയില്‍ തന്നെ താമസം തുടരുകയും ലോക്ഡൗണില്‍ കൂറേകൂടി സമയം പഠനത്തിനായി ചെലവഴിക്കുകയും ചെയ്തു. സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി സേവനം അനുഷ്ഠിക്കാനാണ് താന്റെ ആഗ്രഹമെന്നും ചെറുപ്പക്കാര്‍ക്ക് അതൊരു പ്രചോദനം ആകണമെന്നും അഫ്താബ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കേരളത്തില്‍ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആയിഷയ്ക്ക് ഒബിസി വിഭാഗത്തില്‍ രാജ്യത്ത് രണ്ടാം റാങ്കുണ്ട്. എ.പി അബ്ദുള്‍ റസാഖിന്റെയും ഷെമീമയുടേയും മകളായ ആയിഷ പ്ലസ് ടു പഠനം മുതല്‍ നീറ്റ് പരീക്ഷയ്ക്കായുള്ള പരിശീലനത്തിലായിരുന്നു.
സെപ്റ്റംബര്‍ 13നും ഒക്ടോബര്‍ 14നുമാണ് നീറ്റ് പരീക്ഷ നടന്നത്. രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലായിരുന്നു പരീക്ഷ നടന്നത്. ആദ്യമായാണ് എയിംസ് അടക്കമുള്ള എല്ലാ മെഡിക്കല്‍ കോളേജിലേക്കുമായി ഒറ്റ പരീക്ഷ നടത്തിയത്.