ആക്രമിക്കപ്പെട്ട നടിക്കെതിരായ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ അമ്മ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് നടിമാരായ രേവതിയും പദ്‌മപ്രിയയും. തുറന്ന കത്തിലൂടെയാണ് സംഘടനയോട് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഇരുവരും ആവശ്യപ്പെട്ടത്.
പ്രസിഡന്റ് മോഹന്‍ലാലിനും എക്‌സിക്യുട്ടീവ് കമ്മിറ്റിക്കുമാണ് കത്തയച്ചിരിക്കുന്നത്. ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ ഏര്‍പ്പ് പ്രകടിപ്പിച്ച് പാര്‍വ്വതി തിരുവോത്ത് സംഘടനയില്‍ നിന്ന് രാജിവച്ച ശേഷവും നേതൃത്വം തുടരുന്ന മൗനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു കത്ത്.
സംഘടനയില്‍ നിന്നുള്ള പാര്‍വ്വതിയുടെ രാജി, അതിജീവിച്ചവളുടെ രാജിയിലൂടെ 2018 ല്‍ ആരംഭിച്ച കാര്യങ്ങളിലേക്ക് തിരികെ കൊണ്ടുപോവുകയാണെന്ന് രേവതിയും പദ്മപ്രിയയും പറയുന്നു. താര സംഘടനയുടെ സെക്രട്ടറിയും നടനുമായ സിദ്ദിഖിനെതിരായ ലൈംഗിക ആരോപണത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്നും ഇരുവരും കത്തിലൂടെ ചോദിക്കുന്നു.
പാര്‍വ്വതിയുടെ രാജിക്ക് പിന്നാലെ തങ്ങളുടെ നിലപാടെന്താണെന്ന് ചോദിക്കുന്ന മാധ്യമങ്ങള്‍ അത് ചോദിക്കേണ്ടത് അമ്മയുടെ നേതൃത്വത്തോടാണെന്നും ഇരുവരും കത്തില്‍ പറയുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളേക്കുറിച്ച് ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കാന്‍ ഒരു ഇടം ഒരുക്കിയതായിരുന്നു 2018 ലെ ആ രാജി. എന്നാല്‍ നടപടിയെടുക്കാതെയുള്ള അമ്മയുടെ നേതൃത്വത്തിന്റെ നിലാപാട് ഒരു ചര്‍ച്ചകളിലും കാണാന്‍ സാധിച്ചില്ല. സംഘടനാ ജനറല്‍ സെക്രട്ടറിയുടെ അടുത്തിടെ നടന്ന അഭിമുഖം അപകടകരമായ മാതൃകയാണ് സൃഷ്ടിക്കുന്നത്. ഇനിയും വിധി വന്നിട്ടില്ലാത്ത ഒരു ക്രിമിനല്‍ കേസിനെ താഴ്ത്തിക്കെട്ടാന്‍ അമ്മയുടെ നേതൃത്വത്തിലുള്ള ചിലര്‍ ശ്രമിക്കുന്നതാണ് ആ മാതൃകയെന്നും കത്തില്‍ പറയുന്നു.