മലയാളി ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്റെ ‘ദി ബ്രോക്കണ്‍ ക്യാമറ” (The Broken Camera) എന്ന മൂന്നുമിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹ്രസ്വചിത്ര മല്‍സരമായ മൈ റോഡ് റീല്‍ അന്താരാഷ്ട്ര മത്സരത്തിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 2016-ല്‍ കശ്മീരില്‍ നടന്ന ഭരണകൂടത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട സുഹൈബ് മഖ്ബൂല്‍ ഹംസയുടെകഥയാണ് ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
2016ല്‍ ഒരു ദിവസം സമാധാനപരമായി നടന്നിരുന്ന ഒരു പ്രതിഷേധസമരത്തിന്റെ ചിത്രങ്ങള്‍ എടുക്കുന്നതിനിടെ സൈന്യം നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ അദ്ദേഹത്തിന് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു. കാമറയുയര്‍ത്തിക്കാട്ടി സുഹൈബ് തന്റെ പ്രൊഫഷന്‍ പോലിസുകാരനെ ബോധിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. പെല്ലറ്റുകള്‍ സുഹൈബിന്റെ കണ്ണിലും നെഞ്ചിലും കാലിലുമെല്ലാം തുളച്ചുകയറി. കാമറയും പെല്ലറ്റുകളേറ്റ് തകര്‍ന്നു. നിരവധി ചികില്‍സ നടത്തിയെങ്കിലും കാഴ്ച നഷ്ടപ്പെട്ടു.
കാഴ്ച നഷ്ടമായ വിഷമത്തില്‍ ആത്മഹത്യക്കുറിച്ചു പോലും ചിന്തിച്ചെങ്കിലും ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുകയും ഒപ്പം നില്‍ക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ കാമുകിയായിരുന്നു. ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സുഹൈബ് മഖ്ബൂല്‍ ഹംസയുടെ സ്ഥൈര്യവും ഇച്ഛാശക്തിയുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇതൊരു മൂന്നു മിനിറ്റ് മാത്രം നീളമുള്ള ഹ്രസ്വചിത്രമാണ്. പീപ്പിള്‍സ് ചോയിസ് അവാര്‍ഡും ഉള്ളതിനാല്‍ പ്രേക്ഷകര്‍ക്ക് വോട്ടുചെയ്യാനുള്ള സൗകര്യമുണ്ട്.