യു ഡി എഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ്സ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ . ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫിലെ ചില കേന്ദ്രങ്ങളിൽ നിന്ന് പിന്നിൽ നിന്ന് കുത്തി എന്നത് ഇടതു മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി നടത്തിയ പരാമർശങ്ങളിൽ ഒന്നായിരുന്നു. എന്നാൽ പിന്നിൽ നിന്ന് കുത്തിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് പിജെ ജോസഫ്. പ്രശ്നങ്ങൾക്ക് കാരണമായി ജോസ് കെ മാണി പറഞ്ഞിരിക്കുന്നത് പാലാ തെരഞ്ഞെടുപ്പാണ്. പാലാ തെരഞ്ഞെടുപ്പിൽ ചിഹ്നം വേണ്ട എന്നും ചിഹ്നം മാണി സാറാണെന്നും പ്രഖ്യാപിച്ചത് ജോസ് കെ മാണി തന്നെയാണ്. പിന്നെ എങ്ങനെയാണ് ചിഹ്നം കൊടുത്തില്ല എന്ന ആക്ഷേപം ജോസ് കെ മാണി ഉന്നയിക്കുന്നതെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട് ചോദിച്ചു.