മക്ക: ഉംറ കര്‍മ്മത്തില്‍ നിന്ന് രോഗികള്‍ തല്‍ക്കാലം വിട്ടുനില്‍ക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചുകൊണ്ടാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.
അനിയന്ത്രിതമായ പ്രമേഹം ഉള്ളവര്‍, ഹൃദ്രോഗികള്‍, ശക്തമായ രക്തസമ്മര്‍ദമുള്ളവര്‍, ആറു മാസത്തിനിടയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍, എന്നിവര്‍ ഉംറ നിര്‍വഹിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. കൂടാതെ, കരള്‍ സിറോസിസ് ചികിത്സയിലുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, അമിതവണ്ണമുള്ളവര്‍, വിട്ടുമാറാത്ത നെഞ്ചുവേദന കാരണം ഒരു വര്‍ഷത്തിനിടയില്‍ ആശുപത്രിയില്‍ കിടന്നവര്‍ തുടങ്ങിയവരും തല്‍ക്കാലം ഉംറ നിര്‍വഹിക്കരുതെന്ന് ബിസിഹ എന്ന ജാഗ്രത നിര്‍ദേശ പരമ്പരയിലൂടെ ആരോഗ്യവകുപ്പ് അറിയിച്ചു. ഉംറയുടെ രണ്ടാംഘട്ടം അടുത്ത ആഴ്ച പുനരാരംഭികാനിരിക്കാനിരിക്കെയാണ് നിര്‍ദേശം.
ഇഅ്തമര്‍നാ ആപ് വഴി ഉംറക്ക് അനുമതി ലഭിച്ചവര്‍ നിശ്ചിത സമയത്തിന് മുമ്പേ അതിര്‍ത്തിയിലെത്തിയാല്‍ തിരിച്ചു വിടും. അതിര്‍ത്തിയിലെത്തുന്ന ഓരോരുത്തരുടെയും പേരുകളും സമയവും ഇഅ്തമര്‍നാ ആപില്‍ പരിശോധിച്ചുറപ്പുവരുത്തി മാത്രമേ കടന്നുപോകാന്‍ അനുവദിക്കുകയുള്ളൂ എന്ന് മക്ക റോഡ് സുരക്ഷ വിഭാഗം അറിയിച്ചു. ചിലര്‍ അപ്ലിക്കേഷനില്‍ അനുവദിച്ച സമയത്തിന്റെ ഒരു ദിവസം മുന്‍പേ വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ എത്തുന്നവരെ തിരിച്ചയക്കുമെന്നും അപ്ലിക്കേഷനില്‍ അനുവദിച്ച സമയത്ത് അവര്‍ക്ക് കടന്നുവരാമെന്നും അധികൃതര്‍ വ്യക്തമാക്കി.

















