സുധീര്‍നാഥ്
എല്ലാ ഗ്രാമങ്ങളിലും ഒട്ടേറെ കഥകളുണ്ടാകും. നാട്ടില്‍ നടന്നതും, നടന്നതായി ആരോപിക്കുന്നതുമായ സംഭവങ്ങളായിരിക്കും കഥകള്‍. കാലങ്ങളായി സഞ്ചരിച്ച് തലമുറകള്‍ കൈമാറിയ കഥകള്‍ മിക്കപ്പോഴും വായ്മൊഴിയായിരിക്കും. അത് ചിലപ്പോള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് കാരണമായിട്ടുണ്ടാകാം. ഒട്ടും കലര്‍പ്പില്ലാത്ത, കൂട്ടിച്ചേര്‍ക്കലേതുമേ ആരോപിക്കപ്പെടാത്ത ത്യക്കാക്കരയില്‍ നടന്ന അഞ്ച് സംഭവങ്ങള്‍ ഇത്തവണ ഓര്‍മ്മപ്പെടുത്തട്ടെ… ഇതിലെ കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികമല്ലെന്നുകൂടി ഓര്‍മ്മപ്പെടുത്തട്ടെ…
പാരയും വാക്കത്തിയും.
ത്യക്കാക്കര ഭാരത് മാതാ കോളേജിലെ ഇലക്ഷന്‍ കാലം. അന്ന് രാത്രി കാലങ്ങളില്‍ കോളേജിന്‍റെ മുന്നില്‍ ഇലക്ഷന്‍ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഒത്തുകൂടുക പതിവാണ്. പിറ്റേന്ന് കുട്ടികള്‍ വരും മുന്‍പ് സാന്നിദ്ധ്യം അറിയിക്കേണ്ടത് ഓരോ പാര്‍ട്ടിയുടെയും ആവശ്യമാണ്. ചുമരെഴുത്തും അലങ്കാരങ്ങളും മറ്റും ഇതിന്‍റെ ഭാഗമാണ്. ഒരിക്കല്‍ രാത്രിയായപ്പോള്‍ കൊടി കുത്താന്‍ ശീമപ്പത്തല്‍ വെട്ടണം. വാക്കത്തി ഒന്നേ ഉള്ളൂ. കുഴി കുത്താന്‍ പാര വേണം. അതും ഒന്നേ ഉള്ളൂ. പക്ഷേ ഇരുപതോളം പ്രവര്‍ത്തകരുണ്ട്. പതിനെട്ടു പേര്‍ക്ക് പണിയില്ല. ചുരുങ്ങിയത് ഒന്നു വീതം പാരയോ, വാക്കത്തിയോ എങ്കിലും കിട്ടിയാല്‍ നന്നായി എന്നായി. കോളേജില്‍ നിന്ന് ദൂരെയല്ലാത്ത വീട് ലേഖകന്‍റെതാണ്. പാരയും വാക്കത്തിയും ഞാന്‍ കൊണ്ടു വരാമെന്ന് ഏറ്റു. അന്നത്തെ വാഹനം സൈക്കിളാണ്. വീട്ടിലെത്തി പാരയും, വാക്കത്തിയും സൈക്കിളിന്‍റെ കാരിയറില്‍ വെച്ച് തിരിച്ചു കോളേജിലേയ്ക്കു പിടിച്ചു.
ത്യക്കാക്കര ക്ഷേത്രത്തിന്‍റെ മുന്നിലെത്തിയപ്പോള്‍ ഒരു വാഹനം എതിരേ ചീറിപ്പോയി. പോയ വേഗതയില്‍ അതു പിന്നോട്ട് ഓടിയെത്തി. അത് പോലീസ് ജീപ്പായിരുന്നു. രണ്ട് പോലീസുകാര്‍ ചാടിയിറങ്ങി കോളറില്‍ പിടിച്ചു.
രാത്രി എവിടെ പോകുന്നു…? (വാഹനത്തിന്‍റെ ഉള്ളില്‍ ഇരുന്ന മുതിര്‍ന്ന പോലീസാണ്)
കോളേജിലേയ്ക്ക്…
കാരിയറിലെന്താടാ റാസ്കല്‍…? (ടോണ്‍ മാറി)
പാരയും, വാക്കത്തിയും….
രാത്രി കോളേജില്‍… അതും പാരയും വാക്കത്തിയുമായി… (ഒരു പോലീസുകാരന്‍)
രാത്രി മോഷണത്തിനിറങ്ങിയ കള്ളനാണെന്ന തരത്തില്‍ സംഭാഷണം കനപ്പെടുന്നതിനിടയില്‍ ഇടപ്പള്ളി ടോളിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ച് മടങ്ങി സൈക്കിളില്‍ വന്ന കോളേജിലെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ രക്ഷകരായി. അവര്‍ സത്യവാങ്മൂലം പറഞ്ഞു. കോളേജ് ഇലക്ഷനാണ് സര്‍… ഇവന്‍ ഇലക്ഷന്‍ പ്രചരണത്തിന്‍റെ ഭാഗമായി പോകുകയാണ് സര്‍….
ത്യക്കാക്കരയെ ഞെട്ടിച്ച ബോംബ് സ്ഫാടനം
ബോംബ് പൊട്ടുന്നത് കേട്ടിട്ടുണ്ടോ…? ഒരിക്കല്‍ ത്യക്കാക്കര സ്വദേശികള്‍ അതു കേട്ടു. ഡോക്ടര്‍ എം. ലീലാവതി ടീച്ചറുടെ വീടിനോടുചേര്‍ന്നുള്ള പറമ്പിലാണ് ബോംബ് പൊട്ടിയത്. പ്രതികള്‍ ആശുപത്രിയിലായി. മുഖ്യ പ്രതിക്ക് വലിയ പരിക്കില്ലെങ്കിലും, പ്രതിയുടെ അനിയന്‍റെ രണ്ട് പല്ല് പോയി. ചുണ്ട് കീറി. സ്റ്റിച്ചിടേണ്ടി വന്നു. കണ്ടുനിന്ന ബന്ധുവിനും സ്റ്റിച്ചിട്ടു. ത്യക്കാക്കരയിലെ ഹരിയാണ് ഒന്നാം പ്രതി. വയസ്സ് 13. രണ്ടാം പ്രതിയും, സഹായിയുമായത് ഹരിയുടെ സഹോദരന്‍ ശ്രീക്കുട്ടന്‍. വയസ്സ് 9. പരിക്കേറ്റ ബന്ധു, നന്ദനന്‍.
ത്യക്കാക്കര ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായ വെടിക്കെട്ടില്‍ പൊട്ടാതെ കിടക്കുന്ന പടക്കങ്ങള്‍ കൊടിയേറ്റദിവസം മുതല്‍ ഹരി പെറുക്കിയെടുത്തു. പത്താം ദിവസത്തെ ആറാട്ട് കഴിഞ്ഞപ്പോള്‍ പൊട്ടാത്ത പടക്കത്തിന്‍റെ വലിയ ശേഖരമായി. ആറാട്ടിന്‍റെ പിറ്റേന്നാണ് അത് സംഭവിച്ചത്. ത്യക്കാക്കരയെ വിറപ്പിച്ച ബോംബുസ്ഫോടനം.
വലിയ സഞ്ചിയില്‍ പൊട്ടാത്ത പടക്കങ്ങളുടെ ശേഖരവുമായി ഹരി അനുജന്‍ ശ്രീക്കുട്ടനെയും കൂട്ടി ബന്ധു വീടിന്‍റെ മുന്നിലുള്ള തുറന്ന പറമ്പിലെത്തി. നേരത്തേ കരുതിയ ഒരടി ഉയരമുള്ള മുളക്കുറ്റി മുക്കാല്‍ ഭാഗവും മണ്ണില്‍ കുഴിച്ചിട്ടു. (വെടി പരമു ക്ഷേത്രത്തില്‍ ഇങ്ങനെ കുഴിച്ചിടുന്നത് മൂപ്പര് കണ്ടിട്ടുണ്ട്.). പൊട്ടാത്ത പടക്കത്തിന്‍റെയും, ഗുണ്ടുകളുടെയും കരിമരുന്ന് മുളക്കുറ്റിയില്‍ നിറച്ചു. നന്നായി അമര്‍ത്തി. കുറ്റി ചരിയാതിരിക്കാന്‍ ചുറ്റിനും കരിങ്കല്ല് വെച്ചു. നീളന്‍ പേപ്പറില്‍ തീ കൊളുത്തി മുളക്കുറ്റിക്കു മുകളിലിട്ട് ഓടി.
വലിയൊരു ശബ്ദം ഹരി കേട്ടു. പിന്നെ ഒന്നും ഓര്‍മ്മയില്ല. നിലത്ത് വീണു കിടക്കുന്നു. കാലില്‍ കരിങ്കല്ലുചീളുകള്‍ തുളച്ചുകയറിയിട്ടുണ്ട്. അനിയന്‍ ശ്രീക്കുട്ടന്‍റെ മുഖത്ത് നിറയെ ചോര, അടുത്ത വീട്ടിലെ നന്ദനന്‍ ചോരയില്‍ കുളിച്ചു. പേടിച്ചരണ്ട ഹരി സ്ഥലത്തുനിന്ന് ഓടി മറഞ്ഞു. ജനങ്ങള്‍ കൂടി. ഡോക്ടര്‍ എം. ലീലാവതി ടീച്ചര്‍ക്ക് അന്ന് കറുത്ത അംബാസിഡര്‍ കാറുണ്ട്. ടീച്ചറുടെ ഭര്‍ത്താവ് മേനോന്‍സാറ് തന്നെ കാറെടുത്ത് പരിക്കേറ്റവരെയുംകൊണ്ട് ടോളിലെ അല്‍ഫാ നേഴ്സിങ് ഹോമിലേയ്ക്ക് കൊണ്ടുപോയി. ശ്രീക്കുട്ടന്‍റെ മുന്നിലെ രണ്ടു പല്ല് പോയി. ചുണ്ട് കീറിയതിനാല്‍ സ്റ്റിച്ചിട്ടു. ബന്ധു നന്ദനനും ഇടേണ്ടി വന്നു സ്റ്റിച്ച്.
സമാനമായി പഴുക്കേടത്ത് സുഭാഷും സഹോദരനും പൊട്ടാത്ത പടക്കം ശേഖരിച്ച് ക്യൂട്ടക്സ് കുപ്പിയില്‍ അതിലെ മരുന്നു നിറച്ചു. തിരി ഇട്ട് കത്തിച്ചു. കുപ്പി പൊട്ടി ചെറിയ പരിക്കു പറ്റി. അങ്ങനെ ചെറിയൊരു ബോംബും ത്യക്കാക്കരയില്‍ അവര്‍ പൊട്ടിച്ചു.
പാരച്യൂട്ട് പരീക്ഷിച്ച യുവത്വം
പരീക്ഷണം കണ്ണാലയിലെ സജിയുടെ ഇഷ്ട വിനോദമാണ്. ഒരിക്കല്‍ പാരച്യൂട്ടിനെകുറിച്ച് അറിഞ്ഞു. എന്നാല്‍ അത് ഉണ്ടാക്കാം എന്ന് മൂപ്പര് തീരുമാനിച്ചു. പിതാവിന് കമ്പനിയില്‍ നിന്ന് കൈ തുടയ്ക്കാന്‍ ലഭിക്കുന്ന ഒന്നര മീറ്റര്‍ തുണിയും, ലഭ്യമായ ട്വൈയിന്‍ നൂലും കൊണ്ട് പാരച്യൂട്ടുണ്ടാക്കി. സുഹ്യത്തായ ദാമുവുമായി പരീക്ഷണത്തിന് ത്യക്കാക്കര ക്ഷേത്രത്തിനു സമീപം മണ്ണെടുത്തിരുന്ന മലയില്‍ പോയി. ആദ്യം ഉയരത്തില്‍നിന്ന് ചാടേണ്ടതില്ല എന്നും, പത്തടി ഉയരത്തില്‍നിന്ന് ചാടിയാല്‍ മതിയെന്നും തീരുമാനിച്ചു. ദാമു പാരച്യൂട്ടില്‍ ചാടാന്‍ തയ്യാറായി. സജി എണ്ണിത്തുടങ്ങി. 10, 9, 8, 7, 6, 5, 4, 3, 2, 1, 0….
ദാമു ചാടി. അയ്യോ എന്ന് നിലവിളിയും പിന്നാലെ കേട്ടു. ഒരാഴ്ച ദാമു കിടപ്പിലായെന്നാണ് അറിഞ്ഞത്. വീട്ടില്‍ കിടന്ന് ദാമുവും എണ്ണി. 1, 2, 3, 4, 5, … ദാമു എണ്ണിയത് നക്ഷത്രങ്ങളാണെന്നാണ് സംസാരം. ഉയരം കുറഞ്ഞതിനാല്‍ ഒടിവൊന്നും സംഭവിച്ചില്ലെന്ന് എക്സ്റെയില്‍ തെളിഞ്ഞെന്ന് ഡോക്ടര്‍ പറഞ്ഞെന്നാണു പറയുന്നത്. പിന്നീട് പാരച്യൂട്ട് പരീക്ഷണം നടന്നതായി അറിവില്ല.
മരപ്പട്ടിയെ കൊന്ന ശിക്കാരി ശംഭു
ത്യക്കാക്കരയില്‍ ഒരുകാലത്ത് മരപ്പട്ടിയുടെ ശല്യം ഉണ്ടായിരുന്നു. ചിലപ്പോള്‍ അത് ചില വീടുകളുടെ തട്ടിന്‍മുകളില്‍ കയറും. ഉപദ്രവകാരിയാണ് മരപ്പട്ടി എന്നതിനാല്‍ ജനങ്ങളില്‍ ഭയവും ഉണ്ടായിരുന്നു. ഒരിക്കല്‍ ത്യക്കാക്കരയിലെ റോഷ്നി എന്ന വീട്ടില്‍ മരപ്പട്ടി കയറി. ഇരുനില വീട്ടിന്‍റെ അകത്ത് മരപ്പട്ടി കയറിയതുകൊണ്ട് വീട്ടുകാര്‍ പേടിച്ച് പുറത്തിറങ്ങി. മരപ്പട്ടിയെ പിടിക്കുന്നവന് നല്ലൊരു തുക ഇനാം ഗ്യഹനാഥന്‍ പ്രഖ്യാപിച്ചു.
മരപ്പട്ടിയെ പിടിക്കാന്‍ ചുറുചുറുക്കുള്ള രണ്ടു ചെറുപ്പക്കാര്‍ വീടിനുള്ളില്‍ കയറി വാതിലടച്ചു. ചേലപ്പുറത്തെ പ്രസാദ്, ചിറ്റേത്ത് കിഴക്കേവീട്ടില്‍ ചന്ദ്രഹാസന്‍(മണി) എന്നിവരായിരുന്നു അവര്‍. രണ്ടാം നിലയിലെത്തിയ അവര്‍ കാഴ്ചക്കാരായ നാട്ടുകാരെ നോക്കി ക്കൈവീശി. മരപ്പട്ടി തട്ടിന്‍റെ മുകളിലുണ്ടെന്ന വിവരം നല്‍കി. തട്ടിന്‍ മുകളിലേക്ക് പ്രസാദ് കയറി. പ്രസാദിന്‍റെ വരവ് കണ്ട് മരപ്പട്ടി പേടിച്ചു. അത് ജീവനും കൊണ്ട് താഴേയ്ക്കു ചാടി. മരപ്പട്ടി താഴേയ്ക്കു ചാടാന്‍ വരുന്നത് കണ്ട് പ്രസാദും പേടിച്ചു. പിടിവിട്ട പ്രസാദും താഴേ വീണു. പ്രസാദ് വീണത് മരപ്പട്ടിയുടെ പുറത്തു തന്നെ…! മരപ്പട്ടി ചത്തു.
ചത്ത മരപ്പട്ടിയെ പിടിച്ച് പ്രസാദും, ചന്ദ്രഹാസനും ഗ്യഹനാഥനെ സമീപിച്ച് ഇനാം വാങ്ങി. യഥാര്‍ത്ഥ സംഭവം അറിഞ്ഞ നാട്ടുകാര്‍ പ്രസാദിനു പേരിട്ടു. ശിക്കാരി ശംഭു…! ആ വിളി ഇന്നും തുടരുന്നു.
പാറമഠയില്‍ തള്ളിയ ഓട്ടോറിക്ഷ
1997ല്‍ ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍ എറണാകുളം പാര്‍ലമെന്‍റ് ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രൊഫസര്‍ ആന്‍റണി ഐസക്കിനെ തോല്‍പ്പിച്ചു. വൈകിയാണ് തിരഞ്ഞെടുപ്പുഫലം പുറത്തു വന്നത്. പടക്കം വാങ്ങാന്‍ നാദിര്‍ഷായെ ഇടപ്പള്ളിയിലേയ്ക്ക് സഖാക്കള്‍ അയച്ചു. നാദിര്‍ഷായ്ക്ക് അന്ന് ഓട്ടോറിക്ഷ ഉണ്ട്. പക്ഷെ ലൈസന്‍സും, വണ്ടിക്ക് ഇന്‍ഷ്വറന്‍സും ഇല്ല. ഓട്ടോ ഇടപ്പള്ളി ടോളില്‍വെച്ച് മറിഞ്ഞു. അപകടത്തില്‍ ഓട്ടോയില്‍ ഉണ്ടായ വിനേഷിന്‍റെ കാലൊടിഞ്ഞു. പേടിച്ചരണ്ട നാദിര്‍ഷാ ഓട്ടോയുമായി പൈപ്പ് ലൈനിലെത്തി. കേസാകുമെന്ന് ചിലര്‍ പറഞ്ഞു. ലൈസന്‍സും, ഇന്‍ഷ്വറന്‍സും ഇല്ലെന്നത് ചര്‍ച്ചയായി. തെളിവായി ഓട്ടോ ഉണ്ടെങ്കിലല്ലേ പ്രശ്നം, അതെടുത്ത് പാറമടയിലിടടാ… എന്ന് തമാശയ്ക്ക് ആരോ പറഞ്ഞു. തെളിവു നശിപ്പിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുള്ള നാദര്‍ഷ ഓട്ടോ പാറമടയില്‍ രാത്രി തള്ളി ഇട്ടു.
ഓട്ടോറിക്ഷയുമായി പോയ നാദിര്‍ഷായെ രാത്രിയായിട്ടും കാണാതായ വീട്ടുകാര്‍ പരിഭ്രാന്തരായി. ജനങ്ങള്‍ കൂടി. എല്ലാവരും നാലുപാടും തിരക്കി ഇറങ്ങി. ഒടുവില്‍ പലര്‍ച്ചെ രണ്ടുമണിക്കു മൂപ്പരെ കണ്ടെത്തി. കേസാകുമെന്ന് ഭയന്ന് കാണിച്ച കാര്യങ്ങള്‍ ജനങ്ങളോടു പറഞ്ഞു. കേസായില്ല. പടിക്കണ്ട എന്ന് നാട്ടുകാര്‍ സമാധാനിപ്പിച്ചപ്പോള്‍ നാദിര്‍ഷായ്ക്കും സമാധാനമായി.
പിറ്റേന്ന് പാറമടയില്‍നിന്ന് ഓട്ടോറിക്ഷ കമ്പിക്കൊളുത്തും കയറുംകൊണ്ട് പൊക്കി എടുക്കുക എന്ന ദൗത്യമായിരുന്നു. നന്നായി നീന്തലറിയുന്ന പൊന്നപ്പന്‍റെ നേത്യത്വത്തില്‍ നാസര്‍, തങ്കപ്പന്‍, കരീം എന്നിവരോടൊപ്പം നാദിര്‍ഷായുടെ സഹോദരന്‍ നവാബും പാറമടയില്‍ വെള്ളത്തിലിറങ്ങി. കരുത്തരായ ചെറുപ്പക്കാരായ ഇവര്‍ ഓട്ടോറിക്ഷ പൊക്കി എടുത്തു. കൂടി നിന്നവര്‍ കയര്‍ കെട്ടി കരയിലെത്തിച്ചു. നാസര്‍ ത്യക്കാക്കര എന്ന നാട്ടുകാരന് (തോര്‍ത്തുടത്ത് ഇറങ്ങിയ അഞ്ച് പേരില്‍ നാസറും ഉണ്ട്) ഫോട്ടോമാനിയ എന്ന രോഗമുണ്ടായിരുന്നതുകൊണ്ട് അന്നത്തെ രംഗം തന്‍റെ ചെറിയ ക്യാമറയില്‍ ഫോട്ടോ എടുപ്പിച്ചിരുന്നു. വളരെ വിലപ്പെട്ട ഫോട്ടോകള്‍ ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു. പെന്നപ്പന്‍ ത്യക്കാക്കരയിലെ പലരുടെയും ജീവന്‍ രക്ഷിച്ച് ഹീറോ ആയ വ്യക്തിയാണ്. ഒടുവില്‍ ഓട്ടോ പൊക്കിയും ഹീറോ ആയി.