അമരാവതി: സുപ്രീംകോടതി ജഡ്ജി എന്‍.വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. ജസ്റ്റിസ് എന്‍.വി രമണ ആന്ധ്രാ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഹൈക്കോടതിയെ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് ജഗന്‍ മോഹന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡയ്ക്ക് കത്ത് നല്‍കി.
പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ അടുപ്പക്കാരനാണ് ജസ്റ്റീസ് രമണ. അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടിയായ തെലുങ്കദേശം പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നും ജഗന്‍ മോഹന്‍ ആരോപിക്കുന്നു.
ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് ജസ്റ്റിസ് രമണയുടെ രണ്ട് പെണ്‍മക്കള്‍ അമരാവതിയിലുള്ള ചിലരുമായി സ്ഥലമിടപാട് നടത്തിയിട്ടുണ്ടെന്നും ഇത് സംശയകരമാണെന്നും കത്തില്‍ പറയുന്നു.
രമണ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. തെലുങ്ക് ദേശം പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ചില പ്രത്യേക ബഞ്ചിന് മുന്‍പാകെ മാത്രമെ എത്താറുള്ളു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ തല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് രമണ ശ്രമിക്കുന്നതെന്നും ജഗന്‍ മോഹന്‍ ആരോപിക്കുന്നു.











