ഇന്ത്യന്‍ എംബസിയുടെ പേരില്‍ സമൂഹ മാധ്യമ, ഇമെയില്‍ അക്കൗണ്ടുകള്‍ വ്യാജമായി ഉണ്ടാക്കി പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സൗദിയിലെ ഇന്ത്യക്കാര്‍ കരുതിയിരിക്കണമെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നാട്ടിലേക്ക് യാത്ര സൗകര്യം ഒരുക്കാമെന്നറിയിച്ച് @SupportindianEmbassy എന്ന വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും indianhighcommission20@yahoo.com എന്ന ഈമെയിലില്‍ നിന്നും സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തുന്നത്.
എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയുമായി യാതൊരു ബന്ധവുമില്ലെന്നും എംബസിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും https://www.eoiriyadh.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ട്വിറ്റര്‍, ഫേസ്ബുക്ക്, ഇമെയില്‍ ഐഡികളും ടെലിഫോണ്‍ നമ്പറുകളും മാത്രമേ ഉപയോഗിക്കാവൂ എന്നും എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എംബസിയുടെ ഔദ്യോഗിക ഇമെയിലുകളെല്ലാം @mea.gov.in എന്ന പേരിലായിരിക്കും അവസാനിക്കുക എന്നും എംബസി വ്യക്തമാക്കി.