തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര ക്രൂ ചെയ്ഞ്ച് ആന്‍ഡ് ആങ്കറിങ് ഹബ്ബ് ആയി മാറുന്നു. ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും. ഇതോടെ സര്‍ക്കാര്‍ സഹായത്തോടെ ഈ മേഖലയിലെ ബിസിനസ് ഏറ്റെടുക്കാന്‍ മാരിടൈം ബോര്‍ഡിന് കഴിയും.
വിഴിഞ്ഞം ക്രൂചെയ്ഞ്ച് സംസ്ഥാനത്ത് വിലയൊരു ബിസിനസ് സാധ്യത കൂടി തുറന്നിടുകയാണ്. ചരക്കു കപ്പലിലേക്ക് ഭഷണസാധനങ്ങളും കുടിവെള്ളവും എത്തിക്കുക, അറ്റകുറ്റപ്പണി നടത്തുക, സ്പെയര്‍ പാര്‍ട്സ് എത്തിക്കുക, ഇന്ധനം നിറയ്ക്കുക, ടാങ്കറുകള്‍ വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കുമുള്ള കേന്ദ്രമായി മാറാനുള്ള സാധ്യതയാണ് ഇപ്പോള്‍ വിഴിഞ്ഞത്തിന് ലഭിച്ചിരിക്കുന്നത്. ഒരു കപ്പല്‍ എത്ര ദിവസമാണോ തീരക്കടലില്‍ ആങ്കറിങ് നടത്തുക (തങ്ങുക) അത്രയും വരുമാനം സംസ്ഥാനത്തിനുണ്ട്. ഒരു ദിവസം തന്നെ ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും കപ്പലുകള്‍ ഇത്തരത്തില്‍ ഫീസായി സര്‍ക്കാരിന് നല്‍കണം.
കഴിഞ്ഞ രണ്ടര മാസത്തിനിടെ ലോകത്തിലെ പ്രമുഖ കപ്പലുകളുള്‍പ്പെടെ 48 കപ്പലുകളാണ് വിഴിഞ്ഞത്ത് ക്രൂചെയ്ഞ്ച് നടത്തിയത്. ഇതുവഴി ഏകദേശം 50 ലക്ഷത്തോളം രൂപയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അനുബന്ധ കരാറുകളും തിരുവനന്തപുരത്തെത്തി. കോവിഡ് പ്രതിസന്ധിക്കിടെ പുതിയ അവസരങ്ങളാണ് വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ച് നല്‍കുന്നത്.
ക്രൂചെയ്ഞ്ച് വിനോദ സഞ്ചാരമേഖലയ്ക്കും ഗുണകരമാകാന്‍ സാധ്യതയുണ്ട്. കപ്പലിലെത്തുന്ന ഇന്ത്യാക്കാരും വിദേശീയരുമായ നാവികര്‍ ഇവിടെയെത്തുകയും തങ്ങുകയും ചെയ്യും. ഇവര്‍ക്ക് മുന്നില്‍ വിനോദസഞ്ചാര സാധ്യതകളും തുറന്നിടുകയാണ്.