ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജൂലൈയോടെ ഇന്ത്യയില്‍ 25 കോടിയോളം ജനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍.40 മുതല്‍ 50 കോടിയോളം വാക്സിനാണ് സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും വാക്സിന്‍ സമാഹരണത്തിനായി നീതി ആയോഗ് അംഗം വി കെ പോളിന്റെ അധ്യക്ഷതയിലുള്ള ഉന്നതസമിതി നടപടികള്‍ ആരംഭിച്ചതായും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴി നടത്തുന്ന സണ്‍ഡെ സംവാദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ മൂന്ന് വാക്സിനുകളുടെ പരീക്ഷണം നടക്കുകയാണ്. ഈ വാക്സിന്‍ വിജയിക്കുന്ന മുറയ്ക്കായിരിക്കും ഇത് ജനങ്ങളിലേക്ക് എത്തിക്കുക. തുടക്കത്തില്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് മരുന്ന് നല്‍കേണ്ടതെന്നത് സംബന്ധിച്ച് പട്ടിക തയാറാക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടിക ഒക്ടോബര്‍ അവസാനത്തോടെ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെത്തുന്ന വാക്‌സിന്‍ അര്‍ഹതപ്പെട്ടവര്‍ക്കും എത്തുന്നുണ്ടോ എന്നും കരിഞ്ചന്തയില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാനും കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തും. മുന്‍കൂട്ടി തീരുമാനിച്ചത് പോലെ തന്നെ മുന്‍ഗണനാ ക്രമം അനുസരിച്ചായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുക.കൂടുതല്‍ വിവരങ്ങള്‍ വരും മാസങ്ങളില്‍ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോകത്തിലെ വിവിധയിടങ്ങളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നടക്കുകയാണ്. രണ്ട് രാജ്യങ്ങള്‍ സംയുക്തമായി ചെയ്യുന്ന പരീക്ഷണങ്ങള്‍ പലതും മൂന്നാം ഘട്ടത്തില്‍ നില്‍ക്കുകയാണ്.
കോവിഡ് വാക്‌സിന്‍ പരീക്ഷണം
കോവാക്‌സിന്‍
ഇന്ത്യ- രണ്ടാം ഘട്ടത്തില്‍
സ്പുട്‌നിക്-5
ഗമലെയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റഷ്യ- മൂന്നാം ഘട്ടം
(എങ്കിലും റഷ്യയില്‍ വിതരണത്തിന് അനുമതിയായി)
എഡി5-എന്‍കോവി
തോങ്ജി ഹോസ്പിറ്റല്‍ വുഹാന്‍, ചൈന- മൂന്നാംഘട്ടം
കൊറോണവാക്
സിനോവാക് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ്, ചൈന- മൂന്നാം ഘട്ടം.
പേരിടാത്ത വാക്സിന്‍
ഹെനാന്‍ പ്രൊവിന്‍ഷ്യല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, ചൈന-മൂന്നാം ഘട്ടം
ബി.സി.ജി
ഓസ്‌ട്രേലിയ, നെതര്‍ലാന്‍ഡ്‌സ്, യു.എസ്, 2/3 ഘട്ടം
ജെ.എന്‍.ജെ-78436735
ജോണ്‍സ് ആന്‍ഡ് ജോണ്‍സണ്‍, യു.എസ്- മൂന്നാം ഘട്ടം
എം.ആര്‍ എന്‍.ഐ-1273
മൊഡേണ, കൈസര്‍ പെര്‍മനന്റ് വാഷിങ്ടണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, യു.എസ്- മൂന്നാം ഘട്ടം
എ.സെഡ്.ഡി 1222
ഓക്‌സ്ഫഡ് സര്‍വകലാശാല, ബ്രിട്ടണ്‍
എന്‍.വി.എക്‌സ്-കോവി2373
നോവാക്‌സ്, യുഎസ്-മൂന്നാം ഘട്ടം
ബിഎന്‍ടി162
യൂറോപ്പ്, യു.എസ് 2/3 ഘട്ടം