ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് കേസില്‍ ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കൊച്ചി കടവന്ത്രയിലെ സിബിഐ ഓഫീസിലെത്തണമെന്നാണ് യു വി ജോസിനുള്ള നിര്‍ദേശം. ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ റെഡ് ക്രെസന്റുമായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി കരാറില്‍ ഒപ്പിട്ടത് യു വി ജോസായിരുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പലതും കൃത്യമല്ലെന്ന ആക്ഷേപം, നാല് കോടിയിലേറെ രൂപയുടെ കമ്മീഷന്‍ ആരോപണം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും യു വി ജോസിനോട് ചോദിക്കുക.
അതേസമയം ലൈഫ് മിഷനുമായി ബന്ധപ്പെട്ട 6 പ്രധാന രേഖകള്‍ ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍, ലൈഫ് മിഷന്‍ പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍, വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകള്‍, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകള്‍, യൂണിടാക്കും സെയ്ന്‍ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ തുടങ്ങിയവയാണ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.