തുളസി പ്രസാദ്
ഒരടിയുടെ ശരിതെറ്റുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന തിരക്കിലാണ് ഇപ്പോള്‍ കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും സമൂഹമാധ്യമങ്ങളും. വായിക്കു വന്നത് കോതയ്ക്ക് പാട്ടെന്നപോലെ സൈബറിടങ്ങളില്‍ വിളിച്ചു പറയുന്നവര്‍ക്കു നേരെ ഭാഗ്യലക്ഷ്മിയും കൂട്ടരും കൈവച്ചതിലെ ശരികേടുകള്‍ കണ്ടെത്തുമ്പോള്‍ ഇത് ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത് കേരളത്തില്‍ സൈബര്‍ നിയമങ്ങള്‍ ഇല്ലാത്തതു കൊണ്ടോ? അതോ നിലനില്‍ക്കുന്ന നിയമം ശക്തല്ലാത്തതുകൊണ്ടോ?
സാങ്കേതിക വിദ്യ വളര്‍ന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. മനുഷ്യന്‍ ഇന്ന് സൈബര്‍ ലോകത്ത് കൂടുതല്‍ സജീവമാകുമ്പോള്‍ അത് ഗുണത്തേക്കള്‍ ഉപരി ദോഷവും ചെയ്യുന്നു എന്നതാണ് വസ്തുത. സ്ത്രീപക്ഷ ചിന്തകള്‍ ശക്തിയാര്‍ജിക്കുന്ന ഈ കാലത്ത് തന്നെയാണ് സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ അധിക്ഷേപങ്ങള്‍ക്കും വെര്‍ബല്‍ റേപ്പിനും ഇരയാകുന്നതും.
ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മിയും ചേര്‍ന്ന് യൂട്യൂബര്‍ വിജയ് പി നായരെ കൈകാര്യം ചെയ്തതിലെ ശരി തെറ്റുകള്‍ കണ്ടെത്താനുള്ള തിക്കും തിരക്കുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അനുകൂലിച്ച് പ്രമുഖരടക്കം രംഗത്തെത്തുമ്പോള്‍ അവരുടെ പ്രവൃത്തിയെ വിമര്‍ശിക്കുന്നവരും കുറവല്ല. മൂന്ന് പെണ്ണുങ്ങള്‍ ഒരാളെ മര്‍ദ്ദിച്ചതും നിയമം കൈയ്യിലെടുത്തതും പ്രധാന ചര്‍ച്ചയാകുമ്പോള്‍ സൈബറിടങ്ങളില്‍ ഒരാള്‍ എത്രമാത്രം സുരക്ഷിതനാണെന്നും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നമ്മുടെ നാട്ടിലെ നിയമം എത്രമാത്രം ശക്തമാണെന്നും പരിശോധിക്കാന്‍ മറക്കരുത്.
അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോകള്‍ എത്രമാത്രം സദാചാര ചിന്താഗതി നിറഞ്ഞതും സ്ത്രീകളെ അങ്ങേയറ്റം അപമാനിക്കുന്നതുമാണെന്ന് വിജയ് പി നായരുടെ യൂട്യൂബ് ചാനല്‍ കണ്ടാല്‍ മനസിലാക്കാം. അശ്ലീലങ്ങളും സ്ത്രീവിരുദ്ധതയും പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്യുമ്പോള്‍ അത് കൂടുതല്‍ പേര്‍ കാണുകയും പ്രതികരിക്കുകയും ചെയ്യുമെന്ന വികലമായ ചിന്താഗതി തന്നെയാണ് ഇത്തരക്കാരെ ഇതിന് പ്രേരിപ്പിക്കുന്നതും.
വിജയ് പി നായര്‍ക്കെതിരെ ഐടി ആക്ടിലെ 67, 67(എ) വകുപ്പുകള്‍ പ്രകാരം കേസെടുത്തെങ്കിലും ഇനിയും നിരവധി വിജയ്മാര്‍ സൈബറിടങ്ങളില്‍ വിലസുന്നുണ്ട് എന്നത് കാണാതെ പോകരുത്. ഇയാളുടെ യൂട്യൂബ് ചാനലിന് മൂപ്പതിനായിരത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടെന്നതും ആശങ്ക ജനിപ്പിക്കുന്നു. നിരവധി പേര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും വിവാദമായ വീഡിയോ യൂട്യൂബ് നീക്കം ചെയ്യാതിരുന്നതും പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സ്ത്രീകളെ അങ്ങേയറ്റം അപമാനിക്കുന്ന വീഡിയോ ദിവസങ്ങളോളം നിരവധി പേരാണ് കണ്ടത്.
യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകളുടെ ഉള്ളടക്കം പരിശോധിച്ച് പെട്ടെന്നു തന്നെ നടപടി സ്വീകരിക്കുകയാണെങ്കില്‍ ഇത്തരം വിഷയങ്ങള്‍ ഒരു പരിധിവരെ തടയാന്‍ സാധിക്കും. എന്നാല്‍ പ്രാദേശിക ഭാഷകളിലെ വീഡിയോകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മിക്ക ടെക് കമ്പനികള്‍ക്കും കഴിയുന്നില്ല എന്നതാണ് വസ്തുത. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അക്കൗണ്ട് ഉടമകള്‍ക്കെതിരെ നടപടിയടുക്കുമെന്നാണ് ഫെയ്സ്ബുക്, യുട്യൂബ് അധികൃതര്‍ പറയുന്നത്. എന്നാല്‍, മിക്ക സംഭവങ്ങളിലും ഒന്നും നടക്കാറില്ല.
വ്യക്തി സ്വാതന്ത്ര്യം എന്ന പേരില്‍ എന്തും സൈബറിടങ്ങളില്‍ വിളിച്ചു പറയുമ്പോള്‍ നിയമ വ്യവസ്ഥിതി എന്തു ചെയ്യുന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഭാഗ്യലക്ഷ്മിയുടെ കാര്യത്തില്‍ വിജയ് പി നായര്‍ക്കെതിരെ ആക്രമണം ഉണ്ടായതുകൊണ്ട് മാത്രമാണ് പോലീസ് നടപടി എടുത്തതെന്നും പലരും പ്രതികരിക്കുന്നു. ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്.
നിയമം ദുര്‍ബലമാവുകയാണെങ്കില്‍ സ്ത്രീകള്‍ അത് കൈയ്യിലെടുക്കുന്ന കാലം വിദൂരമല്ലെന്ന് ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും പിന്തുണച്ച് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരി തുറന്നടിച്ചു. സര്‍ക്കാരും പോലീസും സ്ത്രീകള്‍ക്കൊപ്പം നില്‍ക്കാന്‍ ബാധ്യസ്ഥരാണെന്ന് പറഞ്ഞ സുഗതകുമാരി സ്ത്രീകള്‍ നിശബ്ദരായി ഇരിക്കുന്ന കാലം കഴിഞ്ഞുവെന്നും അവരെക്കൊണ്ട് തിരിച്ചടിപ്പിക്കരുതെന്നും വ്യക്തമാക്കി. സൈബര്‍ സുരക്ഷ ചോദ്യചിഹ്നമായാല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും സൈബര്‍ നിരീക്ഷകരും മുന്നറിയിപ്പ് നല്‍കുന്നു.
ഗ്രാമങ്ങളില്‍ പോലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യങ്ങളും മറ്റും എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ ഇന്ത്യ വിപ്ലവത്തിന് രാജ്യം തയ്യാറെടുക്കുമ്പോള്‍ അതിന്റെ ഇത്തരം ദൂഷ്യഫലങ്ങള്‍ ഇല്ലാതാക്കാനുള്ള വഴികളും നടപടികളും സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്. സമൂഹ മാധ്യമങ്ങളില്‍ സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്തുന്ന എല്ലാ സ്ത്രീകളും നേരിടുന്നത് ഇത്തരം ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളും അധിക്ഷേപങ്ങളുമാണ്.
എന്നാല്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ അധിക്ഷേപത്തിനെതിരെ പ്രതികരിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് രംഗത്തെത്തിയവരില്‍ സ്ത്രീകള്‍ അടക്കം ഉണ്ടെന്നതും കാണാതെ പോകരുത്. ഭാഗ്യലക്ഷ്മിയും കൂട്ടരും നിയമം കൈയ്യിലെടുത്തത് തെറ്റായിപോയി എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍, കടുത്ത അധിക്ഷേപ വാക്കുകളും സ്ത്രീവിരുദ്ധതയും ഉപയോഗിച്ച് സൈബര്‍ ആക്രമണം നടത്തുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.
‘ഇനി ഒരാണിന്റെയും നേരെ നിന്റെയീ കൈ പൊങ്ങരുത്’ എന്നതില്‍ തുടങ്ങി ഇവരുടെ വ്യക്തിജീവിതത്തെ മോശമായി ചിത്രീകരിക്കുന്നതടക്കമുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. ഇത്തരം കമന്റുകള്‍ ഇടന്നവരും സ്ത്രീ വിരുദ്ധ വീഡിയോ അപ്ലോഡ് ചെയ്ത വിജയ് പി നായരും തമ്മില്‍ പിന്നെ എന്ത് വ്യത്യാസമെന്നും ചിലര്‍ ചോദിക്കുന്നു.
ഭാഗ്യലക്ഷ്മി മാത്രമല്ല, സ്ത്രീ പുരുഷ ഭേദമന്യേ ഇതിനു മുന്‍പും നിരവധിപേര്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. അത്തരം ആക്രമണങ്ങള്‍ നേരിട്ട വ്യക്തിയാണ് മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ സുനിത ദേവദാസ്. സമൂഹ മാധ്യമങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതു മുതല്‍ നിരന്തരമായ സൈബര്‍ ആക്രമണങ്ങള്‍ നേരിടുകയാണെന്ന് അവര്‍ പറയുന്നു.
ഇതുപോലെ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, ആര്‍എംപി നേതാവ് കെ.കെ രമ, എഴുത്തുകാരന്‍ എസ് ഹരീഷ്, നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കലിങ്കല്‍, അനശ്വര രാജന്‍ തുടങ്ങി മുന്‍പും പിന്‍പുമായി സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടവരുടെ പട്ടിക നീളുകയാണ്. വെര്‍ബര്‍ റേപ്പും വ്യക്തി ജീവിതത്തെ കുറിച്ചുള്ള വ്യാജ വാര്‍ത്തകളും സൈബര്‍ ഇടങ്ങളില്‍ പെരുകുമ്പോള്‍ അതിനെ ചര്‍ച്ചകളില്‍ മാത്രം ഒതുക്കാതെ അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഓരോ വ്യക്തതിയും തയ്യാറാകേണ്ടതുണ്ട്. എന്നാല്‍ ചിലര്‍ പരാതിപ്പെടുമ്പോള്‍ മറ്റു ചിലര്‍ പ്രതികരിക്കുകയോ പരാതിപ്പെടുകയോ ചെയ്യാതെ സമൂഹമാധ്യമങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയാണ് പലപ്പോഴും ചെയ്യുന്നത്.
സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളുമെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വജയന്റെ പ്രതികരണം. മാധ്യമ സൗകര്യം ദുരുപയോഗം ചെയ്ത് സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും നിലവിലെ നിയമ സാധ്യതകള്‍ പര്യാപ്തമല്ലെങ്കില്‍ തക്കതായ നിയമ നിര്‍മ്മാണം അലോചിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
താന്‍ കണ്ടതോ, കേട്ടതോ അതോ മറ്റൊരാളാളുടെ അഭിപ്രായമോ ആയി സത്യമെന്ന തരത്തില്‍ കഥകള്‍ അവതരിപ്പിക്കുമ്പോള്‍ കുറച്ചു പേരെങ്കിലും ഇത് യാഥാര്‍ത്ഥ്യമെന്ന് തെറ്റിദ്ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പുതിയ നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ ഇത്തരം വീഡിയോകള്‍ ഉണ്ടാക്കുന്നവരെ മാത്രമല്ല അത് ശേഖരിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതും അധികാരികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.