തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാത്ത് ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ അപാകതയില്ലെന്നും സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമെന്ന മുരളീധരന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവുമായി ഒക്ടോബര്‍ 31 വരെ സഹകരിക്കുമെന്നും മറ്റ് പരിപാടികള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ സംസ്ഥാനത്ത് മുഴുവന്‍ ഇല്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചിരുന്നു. ജില്ലകളിലെ സാഹചര്യം അനുസരിച്ച് കളക്ടര്‍മാര്‍ പ്രത്യേകം ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് വൈകിട്ടോടെ ജില്ലാ കളക്ടര്‍മാരുടെ ഉത്തരവ് ഇറങ്ങും. നിയന്ത്രണങ്ങള്‍ നിലവില്‍ വന്നാല്‍ പോലീസ് ശക്തമായി ഇടപെടുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയും അറിയിച്ചു.