തിരുവനന്തപുരം: മണ്ഡലകാലം ആരംഭിക്കാനിരിക്കെ ശബരിമല മെഡിക്കല്‍ ഡ്യൂട്ടിയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സംഘടന കത്തുനല്‍കി. ശബരിമല മണ്ഡല മകരവിളക്ക് ഡ്യൂട്ടിയില്‍ നിന്ന് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും ഒഴിവാക്കണമെന്നാണ് ആവശ്യം.
കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ അത് കോവിഡ് പ്രതിരോധത്തെ ബധിക്കുമെന്നും അതിനാല്‍ ശബരിമല മെഡിക്കല്‍ ഡ്യൂട്ടിക്ക് സര്‍ക്കാര്‍ ബദല്‍ സംവിധാനം കാണണമെന്നും സംഘടന നേതാക്കള്‍ കത്തില്‍ പറയുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാര്‍ കുറവാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.