ന്യൂഡല്‍ഹി: ലോക്ക് ഡൗണിന് മുമ്പ് ടിക്കറ്റ് ചെയ്തവര്‍ക്ക് വിമാന കമ്പനികള്‍ പണം തിരികെ നല്‍കണമെന്ന് സുപ്രീംകോടതി. മെയ് 24 വരെ ബുക്ക് ചെയ്ത ടിക്കറ്റ് ചാര്‍ജുകളാണ് തിരികെ നല്‍കേണ്ടത്. ലോക്ക്ഡൗണ്‍ ചെയ്യുന്നതിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് പണം തിരികെനല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്ലും എയര്‍ പാസഞ്ചേഴ്സ് അസോസിയേഷനും നല്‍കിയ ഹര്‍ജിയിലാണ് പരമോന്നത കോടതിയുടെ ഉത്തരവ്.
2021 മാര്‍ച്ച് 31 ന് മുമ്പായി ഏത് റൂട്ടിലും യാത്ര ചെയ്യാന്‍ കഴിയുന്ന രീതിയില്‍ യാത്രക്കാരന്റെ പേരില്‍ ക്രെഡിറ്റ് നോട്ട് സൃഷ്ടിക്കാനും എയര്‍ലൈന്‍സിന് അവസരമുണ്ട്. റദ്ദുചെയ്യുമ്പോള്‍ തുക മടക്കി നല്‍കുന്നതിന് പകരം ഭാവിയില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റ് ചാര്‍ജായി പരിഗണിക്കുന്ന രീതി. ഇതുപ്രകാരം പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുംവരെയുള്ള കാലയളവില്‍ നിശ്ചിത പലിശ വിമാന കമ്പനി നല്‍കേണ്ടിവരും. 0.5 – 0.75 ശതമാനം വരെയാണ് പലിശ.സുപ്രീം ട്രാവല്‍ ഏജന്റുമാര്‍ മുഖേനെ ബുക്ക് ചെയ്ത ടിക്കറ്റ് ചാര്‍ജുകള്‍ ട്രാവല്‍ ഏജന്റുമാരിലൂടെ തന്നെ തിരികെ നല്‍കുമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍എസ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ലോക്ക് ഡൗണ്‍ സമയത്ത് (മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ) ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഉടന്‍ പണം മടക്കിനല്‍കാന്‍ ഡിജിസിഎ ഏപ്രില്‍ 16 ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കും.ബുക്ക് ചെയ്ത ടിക്കറ്റിന് പകരമായി യാത്രക്കാര്‍ക്ക് കൈമാറ്റം ചെയ്യാവുന്ന റീഫണ്ട് വൗച്ചറുകളെ വാദത്തിനിടെ സര്‍ക്കാര്‍ പിന്തുണച്ചു. ഭൂരിഭാഗം ഉപഭോക്താക്കളും ക്രെഡിറ്റ് നോട്ടുകളാണ് ഇഷ്ടപ്പെടുന്നതെന്ന് വിസ്താരയും എയര്‍ ഏഷ്യയും വാദിച്ചു. സമ്പൂര്‍ണ്ണ റീഫണ്ട് എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ ഇവര്‍ എതിര്‍ത്തു.
പല വിമാന കമ്പനികളും തകര്‍ച്ചയുടെ വക്കിലാണെന്നും സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ അടച്ചേക്കാമെന്നും ഗോ എയര്‍ കോടതിയില്‍ പറഞ്ഞു. ബുക്കിങ് തുക പൂര്‍ണമായും മടക്കിനല്‍കിയതായി ഇന്‍ഡിഗോ പറഞ്ഞു.












