ചെന്നൈ: ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഒരോ 15 മിനിറ്റിലും രാജ്യത്ത് ഒരു സ്ത്രീ മാനഭംഗത്തിന് ഇരയാകുന്നുവെന്നും ഈ സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്നും മദ്രാസ് ഹൈക്കോടതി കുറ്റപ്പെടുത്തി. പുണ്യഭൂമിയായ ഇന്ത്യ ബലാത്സംഗം ചെയ്യുന്നവരുടെ നാടായി മാറിയെന്നും ജസ്റ്റിസ് കുരുഭകരന്‍ നിരീക്ഷിച്ചു.
തിരുപ്പൂരില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിയായ പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായ കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സയും, ഭക്ഷണവും താമസ സ്ഥലവും ഒരുക്കാന്‍ ഉത്തരവിട്ട കോടതി, കോയമ്പത്തൂര്‍ ഡി.ഐ.ജിയോട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനും നിര്‍ദേശിച്ചു.
മാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കണമെന്നും കോയമ്പത്തൂര്‍ ഐജിയുടെ നേതൃത്വത്തില്‍ കേസന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ എ.പി സൂര്യപ്രകാശമാണ് കോടതിയെ സമീപിച്ചത്.











