ലഖ്‌നൗ: ഹത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പോലീസ്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് ബീജത്തിന്റെ അംശം കണ്ടെത്താനായിട്ടിലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.
കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. ജാതി സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തര്‍പ്രദേശ് എഡിജിപി വ്യക്തമാക്കി.
അതേസമയം ഹത്രാസില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രാജ്യത്തൊട്ടാകെ പ്രതിഷേധം ശക്തമാണ്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കാല്‍നടയായി പോകാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീസ് രാഹുലിനെ തടഞ്ഞത് വാക്കു തര്‍ക്കത്തിനും ഉന്തും തള്ളിനും ഇടയാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ എതിരാടാന്‍ തുടങ്ങിയത് ലാത്തി വീശാനും ഇടയാക്കി.
രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ വീട്ടിലെത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഹഥ്‌റസ് ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മേഖല പൂര്‍ണമായും അടച്ചിടാനും ഡിഎം നിര്‍ദേശം നല്‍കി.











