ഗള്‍ഫ് ഇന്ത്യന്‍സ്.കോം
ബാബ്‌റി മസ്‌ജിദ് തകര്‍ത്തു തരിപ്പണമാക്കിയ കേസ്സിലെ പ്രതികളെയാകെ കുറ്റവിമുക്തരാക്കിയ വിധിന്യായത്തെ വരവേല്‍ക്കുന്നതിനുള്ള സംഘപരിവാരത്തിന്റെ തയ്യാറെടുപ്പ് ഗംഭീരമായിരിന്നു. ക്ഷത്രിയരായ നാലു പുരുഷകേസരികളുടെ കാപാലികമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട 19-കാരിയായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം മാന്യമായി മറവുചെയ്യപ്പെടാന്‍ പോലും അര്‍ഹതപ്പെട്ടതല്ലെന്ന മനുസ്‌മൃതിയുടെ നീതിസാരം അക്ഷരംപ്രതി നടപ്പിലാക്കിയാണ് യോഗി ആദിത്യനാഥന്‍ ബാബ്‌റി വിധിക്കുള്ള നിലമൊരുക്കിയത്. വിധി വരുന്നതിന്റെ തലേരാത്രി ഇത്രയും അര്‍ത്ഥപൂര്‍ണ്ണമായ നിലയിലുള്ള വരവേല്‍പ്പ് ഒരുക്കാന്‍ മാറ്റാര്‍ക്കും കഴിയില്ല. നേരം പുലര്‍ന്നപ്പോള്‍ പ്രത്യേക കോടതി രചിച്ച വിധിന്യായത്തെ ഇതിലും നന്നായി എങ്ങനെ സ്വീകരിച്ചാനയിക്കാനാവും. ‘ഫാസിസം ജയിക്കുന്നപക്ഷം മരിച്ചവര്‍ പോലും സുരക്ഷിതരല്ലെന്ന’ മുന്നറിയിപ്പ് പ്രബന്ധരചനയില്‍ ചേരുംപടി ചേരുന്ന ഉചിതമായ ഉദ്ധരണി മാത്രമല്ലെന്ന് ഉത്തര്‍ പ്രദേശിലെ ഹാത്തരസ് പ്രവിശ്യയിലെ രാത്രി വെളിപ്പെടുത്തുന്നു. മനുസ്‌മൃതിയിലെ നീതിസാരങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്ന രാഷ്ട്രീയ ഹൈന്ദവികതയുടെ അധീശത്വം ഭരണകൂടാധികാരത്തിന്റെ പിന്‍ബലത്തില്‍ ഊട്ടിയുറപ്പിക്കുന്ന മൂന്നു സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ 24-മണിക്കൂറിനുള്ളില്‍ നാം സാക്ഷ്യം വഹിച്ചത്. മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആംനംസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം തത്‌ക്കാലം നിര്‍ത്തുവാന്‍ നിര്‍ബന്ധിതമായതായിരുന്നു ഒന്നാമത്തെ സംഭവം. അതിന്റെ തൊട്ടു പുറകിലാണ് ഹാത്തരസിലെ കാളരാത്രിയുടെ അരങ്ങേറ്റം. നേരം പുലര്‍ന്നപ്പോള്‍ കോടതി വിധിയും.
This is the infamous law and order model of Yogi Adityanath
👇 https://t.co/H8WOrGeGE2— Dhruv Rathee 🇮🇳 (@dhruv_rathee) September 30, 2020
ഇന്ത്യയുടെ ജോര്‍ജ് ഫ്‌ളോയിഡ് നിമിഷമാണ് ഹാത്തരസ് സംഭവമെന്ന യോഗേന്ദ്ര യാദവിന്റെ നിരീക്ഷണം നമ്മുടെ മുഖ്യധാര രാഷ്ട്രീയത്തിന്റെ പതിവു പ്രതികരണങ്ങളുടെ പരിമിതികളെ മറികടക്കുവാന്‍ സഹായിക്കുന്നതാണ്. എങ്കിലും ഈ വിഷയത്തില്‍ നമ്മുടെ രാഷ്ട്രീയ-സാമൂഹിക മേഖലയിലെ മറ്റു പ്രതിഭകള്‍ ഇതുവരെ പുലര്‍ത്തുന്ന മൗനം അസ്വസ്ഥതയുളവാക്കുന്നു. ഫ്‌ളോയിഡിന്റെ കൊലപാതകം അമേരിക്കയുടെ അടിത്തറ പിടിച്ചുലയ്‌ക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു മാത്രമല്ല അമേരിക്കന്‍ രാഷ്ട്രീയവ്യവസ്ഥയുടെ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള സംവാദങ്ങള്‍ക്കും വഴിയൊരുക്കി. കറുത്ത വര്‍ഗ്ഗക്കാരോടുളള വര്‍ണ്ണവിവേചനം അമേരിക്കന്‍ വ്യവസ്ഥയുടെ ആണിക്കല്ലായി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന പഴയതും, പുതിയതുമായ നിരവധി പഠനങ്ങള്‍ ഈ പ്രക്ഷോഭണങ്ങള്‍ക്ക് വേണ്ട ഊര്‍ജ്ജം പകര്‍ന്നു. പ്രക്ഷോഭണങ്ങള്‍ പുതിയ പഠനങ്ങള്‍ക്കും ഉത്തേജനമായി.
അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഗുണദോഷങ്ങളെപ്പറ്റിയുള്ള കൊള്ളാവുന്ന സംവാദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഈ പഠനങ്ങളെ പറ്റി പ്രാഥമിക ധാരണയെങ്കിലും സ്വരൂപിക്കേണ്ട അവസ്ഥ സംജാതമാവുന്നതിന് ഈ കൊടുക്കല്‍വാങ്ങല്‍ സഹായകമായിട്ടുണ്ട്. വംശീയ മുതലാളിത്തത്തെ പറ്റി നിശ്ശബ്ദത പുലര്‍ത്തുന്നവര്‍ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് വാചാലരാവേണ്ടതില്ലെന്ന വീക്ഷണങ്ങള്‍ വിരളമല്ലാതായത് അതിനുള്ള ഉദാഹരണമാണ്.
ഇന്ത്യയിലെ മുഖ്യധാര രാഷ്ട്രീയത്തിന്റെ കാപട്യങ്ങളുടെ കട്ടിയേറിയ പുറന്തോടു ഭേദിക്കുവാന്‍ ഹാത്തരസിലെ മാതാവിന്റെ വിലാപം നമ്മെ പ്രാപ്‌തരാക്കുമോ എന്നതാണ് ഈ നിമിഷത്തെ പ്രസക്തമായ ചോദ്യം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അകക്കാമ്പായി പ്രവര്‍ത്തിക്കുന്ന സവര്‍ണ്ണ മേധാവിത്തത്തിന്റെ തീണ്ടാപ്പാടുകളെ എങ്ങനെ മറികടക്കുമെന്ന ചോദ്യം വോട്ടിംഗ് യന്ത്രത്തിന്റെ ഏതു കള്ളിയിലാണ് നമുക്ക് പതിപ്പിക്കാനാവുക. കറുത്തവര്‍ക്കും ജീവനുണ്ടെന്ന (ബ്ലാക് ലീവ്‌സ് മാറ്റര്‍) ആക്രോശം പോലെ ദളിതര്‍ക്കും ജീവനുണ്ടെന്ന ആക്രോശം ഹാത്തരസിലെ വിലാപങ്ങളെ എപ്പോഴാണു ഭേദിക്കുക. അന്തരീക്ഷത്തില്‍ ഈ ചോദ്യങ്ങള്‍ ഉയരുമ്പോഴാണ് നീതിയുടെ ഭാഷ കോടതിയിലെ വിധിന്യായങ്ങളുടെ പരിമിതികളെ മറികടക്കുന്ന ആവിഷ്‌ക്കാരങ്ങളായി മാറുക. ഒറ്റ നോട്ടത്തില്‍ പരസ്‌പരബന്ധമില്ലെന്നു തോന്നിപ്പക്കുന്ന ഈ മൂന്നു സംഭവങ്ങളും ആവശ്യപ്പെടുന്നത് അത്തരത്തിലുള്ള ആവിഷ്‌ക്കാരങ്ങളാണ്. അപ്പോഴാണ് രാഷ്ട്രീയത്തിന്റെ പുതിയ സ്വത്വനിര്‍മിതികള്‍ യാഥാര്‍ത്ഥ്യമാവുക.