കൊല്‍ക്കത്ത: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് നിര്‍ബന്ധിച്ച് കത്തിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ട്വിറ്ററിലൂടെയായിരുന്നു എംപിയുടെ വിമര്‍ശനം.
‘കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തെ അറിയിക്കാതെ സംസ്‌കരിച്ചു. മോദിയുടെ പുതിയ ഇന്ത്യ, യോഗിയുടെ പുതിയ നിയമം, ഇന്ത്യയുടെ പുതിയ നിയമം’ – മഹുവ മൊയ്ത്ര ട്വിറ്ററില്‍ കുറിച്ചു.
Cremating Hathras rape victim in the dead of the night without informing the family
Modi’s New India
Yogi’s New Laws
India’s New Low— Mahua Moitra (@MahuaMoitra) September 30, 2020
സെപ്റ്റംബല്‍ 14 ന് ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചു എന്നാണ് ബന്ധുക്കളുടെ ആരോപണം.
കനത്ത പോലീസ് കാവലില്‍ പുലര്‍ച്ചെ രണ്ടരയോടെ പോലീസ് സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്, ജോയിന്റ് മജിസ്ട്രേറ്റ് എന്നിവരുടെ സാന്നിധ്യത്തില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടുകാരെ ഉള്‍പ്പെടെ പൂട്ടിയിട്ട ശേഷമായിരുന്നു പോലീസ് മൃതദേഹം സംസ്‌കരിച്ചതെന്നാണ് വിവരം.
പെണ്‍കുട്ടിയുടെ മൃതദേഹം അവസാനമായി വീട്ടിലേക്ക് കൊണ്ടുപോവാന്‍ അനുവദിച്ചില്ലെന്നും മാതാവിനെയും ബന്ധുക്കളെയും കാണാന്‍ അനുവദിച്ചില്ലെന്നും സഹോദരന്‍ പ്രതികരിച്ചു. സംസ്‌കാര ചടങ്ങുകളുടെയും പോലീസ് നടപടിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന്റെയും ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.











