ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കും അംഗീകാരം നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കാര്‍ഷിക ബില്ലുകള്‍ക്ക് കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവ കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമായ രീതിയിലാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉയര്‍ത്തുന്നതിനിടെയാണ് ഞായറാഴ്ച ബില്ലുകള്‍ രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നത്. ഇതോടെ ബില്ലുകള്‍ നിയമമായി. കഴിഞ്ഞ ആഴ്ച രാജ്യസഭയിലും ലോക്സഭയിലും വിവാദമായ മൂന്ന് ബില്ലുകളും പാസായിരുന്നു.
ബില്ലുകള്‍ നിയമമായത് കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫൈ ചെയ്തിട്ടുണ്ട്. ബില്ലുകള്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും പാര്‍ലമെന്ററി നിയമങ്ങള്‍ അവഗണിച്ചുകൊണ്ടാണ് അവ പാസാക്കിയതെന്നും പറഞ്ഞുകൊണ്ട് അവയില്‍ ഒപ്പ് വയ്ക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. കാര്‍ഷിക ബില്ലുകളില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍ സഖ്യത്തില്‍ നിന്നും പുറത്തുവന്നിരുന്നു.
കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹിഷ്കരിച്ചിരുന്നു. രാജ്യസഭാ സമ്മേളനം ഈ സമ്മേളന കാലയളവ് കഴിയുന്നതു വരെ ബഹിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു.
അതിനിടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ പ്രധാനപ്പെട്ട മൂന്ന് തൊഴില്‍ ബില്ലുകള്‍ അടക്കം പാസാക്കിയാണ് സഭ പിരിഞ്ഞിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ കഴിഞ്ഞ ദിവസം പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി സഭ ബഹിഷ്കരിച്ചത്.
നിയമം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ഇനി കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നീക്കം. ഇതിനിടെ ബില്ലിനെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. തടസങ്ങളില്ലാതെ കര്‍ഷകര്‍ക്ക് എവിടെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കാമെന്നും ഇടനിലക്കാരില്ലാതെ കൂടുതല്‍ ലാഭം നേടാമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ അവകാശപ്പെട്ടു.
കര്‍ഷക സംഘടനകൾക്കൊപ്പം പ്രതിപക്ഷ പാര്‍ടികളും പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുകയാണ്. പഞ്ചാബിലടക്കം കിസാന്‍ മസ്ദൂര്‍ സമരസമിതി ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം തുടരുകയാണ്. കർണാടകയിൽ ഇന്ന് കർഷക ബന്ദ് നടക്കുകകയാണ്.