ഡല്‍ഹി കലാപത്തിലെ കുറ്റപത്രത്തില്‍ സിപിഐ നേതാവ് ആനിരാജയേയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനേയും ഉള്‍പ്പെടുത്തി ഡല്‍ഹി പൊലീസ്. യോഗേന്ദ്രയാദവ്, ഹര്‍ഷ് മന്ദര്‍, സല്‍മാന് ഖുര്‍ഷിദ് എന്നിവരേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവര്‍ അംഗമായ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഡല്‍ഹി കലാപത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് പൊലീസ് പറയുന്നത്. വൃന്ദാ കാരാട്ട് പ്രകോപനപരമായ രീതിയില്‍ പ്രസംഗിച്ചു എന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം.
ഫെബ്രുവരിയില്‍ നടന്ന മഹിളാ ഏകതാ മാര്‍ച്ച് കലാപത്തിന്റെ തുടക്കമായെന്നാണ് പൊലീസ് ഭാഷ്യം. നേരത്തെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി നിര്‍മാതാവ് രാഹുല്‍ റോയ് എന്നിവര്‍ക്കെതിരെ കുറ്റപത്രം ചുമത്തിയിരുന്നു.
പൗരത്വ സമരത്തിനിറങ്ങിയ പിഞ്ച്‌റ തോഡ് നേതാക്കളായ ജെഎന്‍യുവിലെ ദേവാംഗന കലിത, നടാഷ നര്‍വല്‍, വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗുല്‍ഫിഷ ഫാത്തിമ എന്നിവരെ പ്രതികളാക്കി ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും പ്രതിയാക്കാനുള്ള നീക്കം.