കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ കാൽമുട്ടിലെ മുഴ ചികിത്സിക്കാനെത്തിയ വയോധിക ചികിത്സാപ്പിഴവ് കാരണം മരിച്ചെന്ന പരാതിയിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് നിർബന്ധമായും ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷിക്കണമെന്ന കമ്മീഷന്റെ 2019 ഡിസംബർ 7ലെ ഉത്തരവ് പാലിക്കാതെ ആരോഗ്യവകുപ്പ് ഡയറക്ടർ അയച്ച വിശദീകരണം കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിരാകരിച്ചു.
വൈക്കം ടി വി പുരം ചെമ്മനത്തുകര സ്വദേശിനി പി.കെ. നിഷ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ അമ്മ ശോഭന(55)യാണ് ചികിത്സാ പിഴവ് കാരണം മരിച്ചത്. വൈക്കം താലൂക്ക് ആശുപത്രിയിലെ ഡോ. ലക്ഷ്മിയുടെ നേതൃത്വത്തിലാണ് മുഴ നീക്കുന്ന ശസ്ത്രക്രിയ നടന്നത് . തുടർന്ന് നൽകിയ കുത്തിവയ്പ്പോടെ ശോഭന ബോധരഹിതയായി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഡിസംബർ 8 ന് മരിച്ചു.
ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറും വൈക്കം പോലീസും കമ്മീഷനെ അറിയിച്ചു. തുടർന്നാണ് വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡിനെ നിയോഗിക്കാൻ കമ്മീഷൻ ഉത്തരവിട്ടത്. ബോർഡ് റിപ്പോർട്ടിന് പകരം കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസറുടെ ചില കണ്ടെത്തലുകൾ മാത്രമാണ് ആരോഗ്യവകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചത്. രോഗിക്ക് നൽകിയ ആന്റി ബയോടിക് കുത്തിവയ്പ്പിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രസ്തുത റിപ്പോർട്ടാണ് കമ്മീഷൻ തള്ളിയത്. നവംബർ 12നകം മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.