മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെ ഉണ്ടായ പോലീസ് അക്രമത്തിൽ നടപടിയുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട് നൽകിയ പരാതിയിലാണ് കമ്മീഷന്റെ നാടപടി. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ പോലീസ് ക്രൂര മർദ്ദനമാണ് വിനോദിനെതിരെ നടത്തിയത്. സംഭവത്തിൽ കൊലപാതാക കുറ്റം ചുമത്തിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
ഈ മാസം 17 ന് പാലക്കാട് സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെ ഉണ്ടായ പോലീസ് ലാത്തിച്ചാർജിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. മാർച്ചുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. പോലീസ് ലാത്തിചാർജിന് ശേഷമാണ് ജലപീരങ്കി ഉപയോഗിച്ചത്. പിരിഞ്ഞു പോകാൻ പറയുകയോ മറ്റു നിർദ്ദേശങ്ങൾ നൽകാതെയുമാണ് ഗ്രനേഡ് ഉപയോഗിച്ചതെന്നും പ്രവർത്തകർ പറയുന്നു.
മുപ്പതോളം പേർക്കാണ് പോലീസ് മർദ്ദനത്തിൽ പരിക്കേറ്റത്. ഏറ്റവും കൂടുതൽ പരിക്കേറ്റത് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാടിന് ആയിരുന്നു. മാർച്ചിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന വിനോദിനെ ആദ്യം കാലിൽ അടിച്ച് വീഴ്ത്തിയ ശേഷം പിന്നീട് പോലീസുകാർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. പൂർണമായും നിലത്ത് വീണ വിനോദിനെ വിട്ടിട്ട് പോയ പോലീസ് വീണ്ടുമെത്തി ഒരിക്കൽ കൂടി ലാത്തിവെച്ച് മർദ്ദിച്ചു. ടൗൺ നോർത്ത് സ്റ്റേഷൻ ഓഫീസർ ഇൻസ്‌പെക്ടർ സുജിത് കുമാറിന്റെ നേതൃത്വത്തിൽ അഞ്ചിലേറെ പോലീസുകാർ ചേർന്നായിരുന്നു അക്രമം.
അന്നത്തെ അക്രമത്തിൽ കോൺഗ്രസ് എംഎൽഎ വി ടി ബൽറാമിനും കോൺഗ്രസ് നേതാവ് സരിനും പരിക്കേറ്റിരുന്നു. മുപ്പതോളം പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു പോലീസിന്റെ നടപടി. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ഉപയോഗിക്കേണ്ട ലാത്തിചാർജ്ജിനെ മർദ്ദനത്തിനുള്ള മാർഗമായാണ് പോലീസ് ഉപയോഗിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് പോലീസ് നടത്തിയതെന്ന ബോധ്യത്തിലാണ് വിഷയത്തിൽ കമ്മീഷൻ കേസെടുത്തിരിക്കുന്നത്.
പോലീസ് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദിനെ ആദ്യം ജില്ലാ കോപ്പറേറ്റീവ് ആശുപതിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇവിടുത്തെ ചികിത്സയ്ക്ക് ശേഷം ജില്ലാ ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിൽസിക്കുകയായിരുന്നു. നിലവിൽ വീട്ടിൽ ചികിത്സയിൽ തുടരുകയാണ്. വിനോദിന്റെ പുറം മുഴുവൻ അടികൊണ്ട് പൊട്ടിയിട്ടുണ്ട്. ഇതിന് പുറമെ തലക്കും കാലിനും പരിക്കേറ്റു. പുറത്തെ പൊട്ടലുകൾ കടുത്ത വേദനയുള്ളതിനാൽ കിടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇദ്ദേഹം. ഇതിനെ തുടർന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.