ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയുധ നിര്‍മ്മാതാക്കളിലൊരാളായ വെബ്ലി ആന്‍ഡ് സ്‌കോട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ഹാര്‍ഡോയില്‍ ലോകോത്തര നിലവാരമുള്ള തോക്കുകള്‍ നിര്‍മ്മിക്കുന്നതിനായി ഒരു നിര്‍മാണ യൂണിറ്റ് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
രണ്ടാം ലോകമഹായുദ്ധസമയത്ത് നിരവധി രാജ്യങ്ങള്‍ക്ക് തോക്കുകള്‍ നിര്‍മ്മിച്ച് നല്‍കിയെന്ന നിലയില്‍ പ്രശസ്തമായ കമ്പനിയാണ് വെബ്ലി ആന്റ് സ്‌കോട്ട്. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യത്തെ ആഗോള ആയുധനിര്‍മ്മാണ കമ്പനി കൂടിയാണിത്. കമ്പനി സ്ഥാപിക്കാന്‍ ലഖ്‌നൗ ആസ്ഥാനമായുള്ള സിയാല്‍ മാനുഫാക്ചറേഴ്‌സുമായി വെബ്ലി സ്‌കോട്ട് കരാറിലേര്‍പ്പെട്ടതായാണ് സൂചന.
നവംബറോടെ ആയുധ നിര്‍മ്മാണം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഹാര്‍ഡോയി യൂണിറ്റില്‍ ആദ്യം 0.32 റിവോള്‍വറിന്റെ ഉത്പ്പാദനമാണ് ആരംഭിക്കുക. പിന്നീട് റൈഫിളുകളുടെയും ഷോട്ട്ഗണുകളുടെയും വെവ്വേറേ യൂണിറ്റുകള്‍ സ്ഥാപിക്കും.