സമരം ചെയ്യുന്നവരുടെ അവകാശം പോലെ തന്നെ പ്രധാനമാണ് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം എന്ന സുപ്രീംകോടതിയുടെ പരാമര്‍ശം ശ്രദ്ധേയമാണ്. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടന്ന സമരത്തിന് എതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. സഞ്ചാരസ്വാതന്ത്ര്യം പോലുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് സമരങ്ങള്‍ മൂലം മാത്രമല്ലെന്നും ഈ കോവിഡ് കാലത്ത് അത് അധികാരികള്‍ തന്നെ ചെയ്‌തുകൊണ്ടിരിക്കുകയുമാണെന്നുമുള്ള വസ്‌തുത നിലനില്‍ക്കെ സുപ്രീംകോടതിയുടെ നിരീക്ഷണം ബഹുതല സ്‌പര്‍ശിയാകേണ്ടതായിരുന്നു.
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് ഒരു കൂട്ടം സ്‌ത്രീകള്‍ ഷഹീന്‍ബാഗില്‍ 101 ദിവസം നീണ്ടുനിന്ന സമരം നടത്തിയത്. റോഡ് ബ്ലോക്ക് ചെയ്‌തുകൊണ്ട് നടത്തിയ സമരം മതം, ലിംഗം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന പൊതുവായ വിവേചനങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ തലത്തിലേക്ക് വ്യാപിക്കുക കൂടി ചെയ്‌തു. കോവിഡ്-19 രോഗവ്യപാനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ച് 24ന് പൊലീസ് സമരക്കാരെ ഒഴിപ്പിച്ചതോടെയാണ് സമരം അവസാനിച്ചത്.
ഷഹീന്‍ബാഗില്‍ നടന്ന സമരം ദല്‍ഹി നിവാസികളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ബാധിച്ചുവെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ഈ സമരം എന്തുകൊണ്ട് ഉരുത്തിരിഞ്ഞുവെന്നത് കൂടി കോടതി വിലയിരുത്തിയേ തീരൂ. സമരങ്ങള്‍ക്കായി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി സമരങ്ങളുടെ സ്വഭാവം വ്യത്യസ്‌തമായിരിക്കുമെന്നതിനാല്‍ മാര്‍ഗരേഖ സാധ്യമല്ലെന്നാണ് വ്യക്തമാക്കിയത്. ഒരു കൂട്ടം സ്‌ത്രീകളെ ഇത്തരമൊരു പ്രക്ഷോഭത്തിലേക്ക് നയിക്കാനിടയായ ഭയം എന്ന വികാരം രാജ്യത്ത് എത്രത്തോളം ശക്തമായി നിലനില്‍ക്കുന്നുവെന്ന് കൂടി ഉന്നത നീതിപീഠം വിലയിരുത്തേണ്ടതുണ്ട്.
ഇത്തരം സമരങ്ങള്‍ സഞ്ചാരസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് പറയുമ്പോള്‍ അതിന് കാരണക്കാരായ സമരക്കാരെ മാത്രമല്ല കുറ്റപ്പെടുത്തേണ്ടത്. അവരെ ഇത്തരം സമരങ്ങള്‍ക്ക് നിര്‍ബന്ധിതരാക്കുന്ന ഭരണകൂടത്തിന്റെ ചെയ്‌തികള്‍ കൂടി വിമര്‍ശിക്കപ്പെടേണ്ടതാണ്. ഫ്രാന്‍സില്‍ ഇന്ധനവില വര്‍ധനയ്‌ക്കെതിരെയും അമേരിക്കയില്‍ വര്‍ണവിവേചന കൊലയില്‍ പ്രതിഷേധിച്ചും തെരുവുകള്‍ സമരക്കാരെ കൊണ്ട് നിറയുമ്പോള്‍ സഞ്ചാര സ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരുകള്‍ക്ക് ഒഴിഞ്ഞുനില്‍ക്കാനാകില്ല. ഇത്തരം പ്രക്ഷോഭങ്ങളിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടത് ഭരണകൂടങ്ങളുടെ ഉത്തരാവാദിത്തം കൂടിയാണ്.
ഒറ്റനോട്ടത്തില്‍ ശരിയെന്ന് തോന്നാവുന്ന സുപ്രീംകോടതിയുടെ നിരീക്ഷണം പക്ഷേ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ സമഗ്രമായി പരിഗണിച്ചുകൊണ്ടുള്ളതല്ല. ഏതാനും ദിവസങ്ങള്‍ മാത്രം സമയം നല്‍കി രാജ്യത്തെ ഒന്നാകെ അടച്ചുപൂട്ടുമ്പോള്‍ ലംഘിക്കപ്പെട്ടത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യമായിരുന്നു. സാമ്പത്തികമായി അരക്ഷിതരായ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മതിയായ പിന്തുണയും സഹായങ്ങളും നല്‍കാതെ അവരുടെ സഞ്ചാര സ്വാതന്ത്ര്യവും ജോലി ചെയ്യാനുള്ള അവസരവും നിഷേധിക്കുന്നത്, തെരുവുകളിലൂടെ കോടികണക്കിന് ജനങ്ങള്‍ പലായനം ചെയ്യേണ്ടി വരുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനം കൂടിയാണ്. ഷഹീന്‍ബാഗില്‍ നടന്ന സമരം മൂലം ജനങ്ങള്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളേക്കാള്‍ എത്രയോ മടങ്ങ് വരുന്ന യാതന ആണ് ലോക്‌ഡൗണിലെ അവകാശ ലംഘനം മൂലം കോടികണക്കിന് മനുഷ്യര്‍ക്ക് അനുഭവിക്കേണ്ടി വന്നത്. ഭരണകൂടം നേരിട്ട് ചെയ്യുന്ന സഞ്ചാര സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള അവകാശ ലംഘനങ്ങളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് കൂടി സുപ്രീംകോടതി വിലയിരുത്തുന്നത് ഉചിതമായിരിക്കും.




















