രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണന്‍ സിങ്ങിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 12 പാര്‍ട്ടികളാണ് നോട്ടീസ് നല്‍കിയത്. രാജ്യസഭയില്‍ ബഹളത്തിനിടെ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ പാസാക്കിയതിനെ തുടര്‍ന്നാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്.
സി.പി.എം, കോണ്‍ഗ്രസ്, സി.പി.ഐ, തൃണമുല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്രസമിതി, എന്‍.സി.പി, ആര്‍.ജെ.ഡി, നാഷണല്‍ കോണ്‍ഫറണ്‍സ്, ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് നോട്ടീസ് നല്‍കിയത്.
അവിശ്വാസ പ്രമേയ നോട്ടീസിന്മേല്‍ തീരുമാനമെടുക്കുന്നതുവരെ രാജ്യസഭാ സമ്മേളനങ്ങളില്‍ ഉപാധ്യക്ഷന്‍ അധ്യക്ഷത വഹിക്കാന്‍ പാടില്ലെന്നാണ് ചട്ടം. വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടും തിരക്കിട്ട് പാസാക്കാനാണ് ഉപാധ്യക്ഷന്‍ ശ്രമിച്ചതെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തി. ബോധപൂര്‍വം സുരക്ഷ ഉദ്യോഗസ്ഥരെ രാജ്യസഭക്കുള്ളില്‍ അണിനിരത്തി. പ്രതിപക്ഷാംഗങ്ങള്‍ക്ക് സംസാരിക്കാന്‍ വേണ്ടത്ര സമയം നല്‍കിയില്ലെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദ വോട്ടോടെയാണ് രാജ്യസഭ ബില്ലുകള്‍ പാസാക്കിയത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണ് ഉണ്ടായതെന്ന് 12 പാര്‍ട്ടികള്‍ രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. വോട്ടെടുപ്പ് വേണമെന്ന ആവശ്യമടക്കം തള്ളി.
രാജ്യസഭാ ഉപാധ്യക്ഷന്‍ ബില്ലുകള്‍ പാസാക്കിയ രീതിയിലും അദ്ദേഹത്തിന്റെ സമീപതനത്തിലും വിശ്വാസമില്ലെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു.
അതേസമയം, സഭാ നടപടികള്‍ അലങ്കോലപ്പെടുത്തിയതിന് ഏതാനും അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാനുള്ള നീക്കത്തിലാണ് ഭരണപക്ഷം. തൃണമൂല്‍ കോണ്‍ഗ്രസിലെ ഡറിക് ഒബ്രിയന്‍, സി.പി.എമ്മിലെ കെ.കെ. രാഗേഷ് തുടങ്ങിയവരെ സമ്മേളനകാലം തീരുംവരെ സസ്പെന്‍ഡ് ചെയ്തേക്കുമെന്ന് അറിയുന്നു .