കെ.പി. സേതുനാഥ്.
പ്രതിപക്ഷകക്ഷികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് മൂന്നു ബില്ലുകള്‍ ഞായറാഴ്ച രാജ്യസഭ പാസ്സാക്കിയതോടെ രാജ്യത്തെ കാര്‍ഷികമേഖലയെ ദൂരവ്യാപകമായി ബാധിക്കുന്ന നയരൂപീകരണത്തിനുള്ള നിയമനിര്‍മാണ പ്രക്രിയയുടെ ഒരു ഘട്ടം പൂര്‍ത്തിയായി. സ്വദേശിയും, വിദേശിയുമായ വന്‍കിട മൂലധനത്തിന് കാര്‍ഷികമേഖലയില്‍ നിര്‍ബാധം പ്രവേശനവും, യഥേഷ്ടം പുറത്തുപോകലും ഒരുപോലെ ഉറപ്പുവരുത്തുന്ന നയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങളായി വര്‍ത്തിച്ചിരുന്ന നിയന്ത്രണങ്ങള്‍ ഇതോടെ പൂര്‍ണ്ണമായും ഇല്ലാതായി എന്നു പറയാം. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിടക്കാരായ സ്വദേശി-വിദേശി ബഹുരാഷ്ട്ര കമ്പനികള്‍ വളരെ കാലമായി ആവശ്യപ്പെടുന്നവയാണ് ഈ മാറ്റങ്ങള്‍. ഭക്ഷ്യസുരക്ഷ, ഭക്ഷ്യ സ്വയംപര്യാപ്തത, ജീവനോപാധി തുടങ്ങിയ പരിഗണനകള്‍ക്കു പകരം കാര്‍ഷികവൃത്തി പൂര്‍ണ്ണമായും വിപണി കേന്ദ്രിതവും, വാണിജ്യാധിഷ്ടിതവും ആയി പരിവര്‍ത്തനപ്പെടുത്തുന്ന നയങ്ങളാവും വരാനിരിക്കുന്ന ദിവസങ്ങളില്‍ ഉരുത്തിരിയുക. പരമ്പരാഗതമായി കാര്‍ഷിക മേഖലയെ ആശ്രയിച്ചു കഴിയുന്ന ബഹഭൂരിപക്ഷം ജനങ്ങളുടെയും വരുമാന-ആവാസ സുരക്ഷിതത്വം അപകടത്തിലാക്കുന്ന പ്രക്രിയയെ ഈ നിയമനിര്‍മാണങ്ങള്‍ ത്വരിതപ്പെടുത്തും. കര്‍ഷകരും, കാര്‍ഷിക മേഖലയും ഗരുതരമായ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സ്ഥിതിവിശേഷം 1990-കള്‍ മുതല്‍ ഇന്ത്യയില്‍ നാട്ടുനടപ്പാണ്. കര്‍ഷക ആത്മഹത്യ എന്ന പ്രയോഗം തന്നെ അതിനുള്ള വ്യക്തമായ തെളിവാണ്. ആവശ്യാനുസരണമുള്ള നിക്ഷേപത്തിന്റെ അഭാവം, അടിക്കടിയുള്ള വിലതകര്‍ച്ചയില്‍ ഇല്ലാതാവുന്ന സാമ്പത്തിക ഭദ്രത, കുറഞ്ഞ നിരക്കിലുള്ള വായ്പയുടെ അഭാവം, ഇറക്കുമതി ഭീഷണി, കാലാവസ്ഥ വ്യതിയാനം, വളരെ ചെറിയ കൃഷിയിടങ്ങള്‍, സ്വന്തമായി ഒരു തുണ്ടു കൃഷിഭൂമി പോലുമില്ലാത്ത കര്‍ഷക തൊഴിലാളികള്‍, ഭൂവുടമസ്ഥതയിലെ ജാതി വിവേചനം തുടങ്ങി- കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ഘടനപരമായ അസമത്വങ്ങളും, അസന്തുലിതത്വങ്ങളും ഒന്നും ഈ നിയമനിര്‍മാണങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും അഭിസംബോധന ചെയ്യുന്നില്ല. അതിനുപകരം നേരത്തെ സൂചിപ്പിച്ചതുപോലെ കാര്‍ഷികവൃത്തിയെ പൂര്‍ണ്ണമായും വിപണി കേന്ദ്രിതമാക്കുന്ന ദൗത്യമാണ് ഈ നിയമനിര്‍മാണങ്ങള്‍ സഫലീകരിക്കുന്നത്. സ്വദേശികളും, വിദേശികളുമായ വന്‍കിട മൂലധനശക്തികളുടെ താല്‍പര്യങ്ങള്‍ ഭരണകൂടത്തെ ഉപയോഗപ്പെടുത്തി പരിരക്ഷിക്കുന്ന ചരിത്രപരമായ ദൗത്യമാണ് മോഡിയും അദ്ദേഹത്തിന്റെ കക്ഷിയായ ബിജെപി-യും നിറവേറ്റുന്നത്. മോഡിക്കും, ബിജെപി-ക്കും ഇത്രയും അനായാസമായ നിലയില്‍ ഈ ദൗത്യം നിറവേറ്റുവാന്‍ എങ്ങനെ സാധിക്കുന്നു എന്നതാണ് പ്രസക്തമായ ചോദ്യം. കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങള്‍ — ഭൂമിശാസ്ത്രം, വിളകള്‍, വിപണന രീതികള്‍ — സര്‍ക്കാരിന്റെ ദൗത്യത്തെ ചെറിയ നിലയിലെങ്കിലും ആയാസരഹിതമാക്കുന്നു. അതായത് കര്‍ഷകന്‍ എന്ന ഏകീകൃത സ്വത്വം അഖിലേന്ത്യ തലത്തില്‍ നിലനില്‍ക്കുന്നില്ല. മഹാരാഷ്ട്രയിലെ കര്‍ഷകന്റെ താല്‍പര്യങ്ങളും, കേരളത്തിലെ കര്‍ഷകന്റെ താല്‍പര്യങ്ങളും ഒരേ തലത്തില്‍ അല്ല ആവിഷ്‌ക്കരിക്കപ്പെടുന്നത്. ഒരേ സംസ്ഥാനത്തു തന്നെ വ്യത്യസ്തങ്ങളായ കാര്‍ഷിക വിളകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ താല്‍പര്യങ്ങളും, വ്യാകുലതകളും, ആവശ്യങ്ങളും ഒന്നാവണമെന്നില്ല. കരിമ്പു കൃഷിക്കാരന്റെ താല്‍പര്യമല്ല ഗോതമ്പു കൃഷിക്കാരനുണ്ടാവുക. പുതിയ നിയമങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭം തന്നെ ഈ വൈവിധ്യങ്ങളുടെ തെളിവാണ്.
.
കര്‍ഷികോല്‍പ്പന്ന വില-വിപണന കൗണ്‍സിലുകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിപണികളുടെ (എപിഎംസി വിപണകള്‍) സജീവ സാന്നിദ്ധ്യമുള്ള പഞ്ചാബ്, ഹര്യാന പോലുള്ള സംസ്ഥാനങ്ങളിലാണ് പുതിയ നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഇതുവരെ രൂപപ്പെട്ടിട്ടുള്ളത്. ഈ വിപണികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന അധ്ട്യാസ് (Adhtiyas) എന്നറിയപ്പെടുന്ന പരമ്പരാഗത
മധ്യവര്‍ത്തികളുടെ പ്രതിനിധികളാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ പിന്നിലെന്നു കരുതുന്നതില്‍ തെറ്റില്ല. ഒരേ സമയം കര്‍ഷകരും ഇടനിലക്കാരുമായ ഇവരുടെ സ്വാധീനം അതാതു പ്രദേശങ്ങളില്‍ ഗണ്യമാണ്. കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരുള്ള മഹാരാഷ്ട്ര, കര്‍ണ്ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ ഇതുവരെ ശക്തമായ പ്രതിഷേധങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. അഖിലേന്ത്യ തലത്തില്‍ അതുകൊണ്ടു തന്നെ കര്‍ഷക പ്രക്ഷോഭം ഏതു നിലയില്‍ രൂപപ്പെടുമെന്നു ഇപ്പോള്‍ പറയാനാവില്ല. തെരഞ്ഞെടുപ്പു വിജയങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമായ ജാതി-മത-സമുദായ സമവാക്യങ്ങളില്‍ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങളെ സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ കൈവരിച്ച വൈദഗ്ധ്യം കാര്‍ഷികമേഖലയിലെ നയം മാറ്റങ്ങള്‍ക്കുള്ള നിലമൊരുക്കുന്നതിലും ഫലപ്രദമായി ഉപയോഗിക്കുവാനുള്ള മെയ്‌വഴക്കം സംഘപരിവാരം കൈവരിക്കുന്ന പക്ഷം കര്‍ഷക പ്രക്ഷോഭം വലിയ ഭീഷണി ആയി വളരാന്‍ ഇടയില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബിജെപി നേടിയ അനായാസ വിജയം അത്തരത്തിലുള്ള സാധ്യതകളിലേക്കു വിരല്‍ ചൂണ്ടുന്നു. ഇന്ത്യ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന ഉത്തരേന്ത്യയിലെ ഗംഗാതട സംസ്ഥാനങ്ങളില്‍ ദളിത്-പിന്നോക്ക-ന്യൂനപക്ഷ സമുദയാങ്ങളുടെ ഏകീകൃതമായ ധ്രൂവീകരണം അസാധ്യമാണെന്ന തിരിച്ചറിവിന്റെ ബലത്തിലാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി തങ്ങളുടെ തെരഞ്ഞെടുപ്പു വിജയങ്ങളുടെ കണക്കുകൂട്ടലുകള്‍ ഒരുക്കിയിട്ടുള്ളത്. അത്തരമൊരു ധ്രുവീകരണത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നതാണ് സംഘപരിവാരത്തിന്റെ അധീശത്വം ഉറപ്പിക്കുന്നതിനുള്ള പ്രധാന ചാലകശക്തി. ആക്രമണോത്സുകമായ ദേശക്കൂറും, ന്യൂനപക്ഷ വിരുദ്ധതയും ഒരേ ബിന്ദുവില്‍ സംഗമിക്കുന്ന സംഘപരിവാരത്തിന്റെ രാഷ്ട്രീയ ആഖ്യാനം തെരഞ്ഞെടുപ്പിന്റെ അരങ്ങില്‍ നടത്തുന്ന സോഷ്യല്‍ എന്‍ജിനീയറിംഗിന്റെ സ്വാധീനം അവഗണിക്കാവുന്നതെല്ലന്നു വ്യക്തമാണ്. ഭൂമിശാസ്ത്രം, വിളകള്‍, ഭൂവുടമസ്ഥത തുടങ്ങിയ നിരവധി നിര്‍ണ്ണായക ഘടകങ്ങളില്‍ ഒട്ടേറെ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന കാര്‍ഷിക മേഖലയിലെ വൈവിധ്യങ്ങളെ തങ്ങളുടെ നിലനില്‍പ്പിനായി വഴിതിരിച്ചു വിടുന്നതില്‍ സംഘപരിവാരം വിജയിക്കുകയാണെങ്കില്‍ ഏകീകൃതമായ കര്‍ഷക പ്രക്ഷോഭണം ആഗ്രഹചിന്തയായി മാത്രം അവശേഷിക്കും.