ഇ.കെ നായനാര്‍ പരിപാടിക്കിടെ ചീത്ത വിളിച്ച കഥ പറഞ്ഞ് ശ്രീകണ്ഠന്‍ നായര്‍. ഏഷ്യാനെറ്റില്‍ നമ്മള്‍ തമ്മില്‍ പരിപാടി ചെയ്തിരുന്ന കാലത്താണ് സമയം കഴിഞ്ഞെന്ന് പറഞ്ഞതിന് അന്നത്തെ മുഖ്യമന്ത്രിയായ നായനാരിന്റെ ചീത്ത വിളികേട്ടത്. പിന്നീട് അദ്ദേഹം നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നുവെന്ന് ശ്രീകണ്ഠന്‍ നായര്‍ ‘ദി ഗള്‍ഫ് ഇന്ത്യന്‍സ്’ നോട് പറഞ്ഞു.
ശ്രീകണ്ഠന്‍ നായരുടെ വാക്കുകള്‍
ഏഷ്യാനെറ്റില്‍ ‘മുഖ്യമന്ത്രിയോട് ചോദിക്കാം’ എന്ന പരിപാടി റെക്കോര്‍ഡിട്ട സമയമായിരുന്നു. അങ്ങനെ ഒരു ദിവസം ഇ.കെ നായനാര്‍ നമ്മള്‍ തള്ളില്‍ പരിപാടിയിലേക്ക് വന്നു. 24 മിനിറ്റ് കഴിഞ്ഞാല്‍ ചര്‍ച്ചയുടെ അന്ത്യം കല്‍പ്പിക്കണമെന്ന് ഫ്‌ളോര്‍ മാനേജര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് എ.കെ ആന്റണിയും പരിപാടിക്കുണ്ടായിരുന്നു. നായനാര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അടുത്ത് പോയി ‘ സിഎം, നമുക്ക് സമയം കഴിഞ്ഞു’ എന്ന് പറഞ്ഞു. ഇതാണ് ഇയാളുടെ കുഴപ്പം, ഇയാള്‍ക്ക് ഗുഡ്‌ബൈ പറഞ്ഞ് പോയാല്‍ മതി, എടോ ഞാനിവിടത്തെ ചീഫ് മിനിസ്റ്റര്‍ ആണ്’ എന്നൊക്കെ പറഞ്ഞ് 20 മിനിറ്റ് ചീത്ത വിളിച്ചു. ഞാനാകെ ചമ്മി നാറി. അവസാനം ‘അയാള്‍ക്ക് വലിയ വിഷമം ഉണ്ടെ’ന്ന് എ.കെ ആന്റണി നായനാരോട് പറഞ്ഞു. ‘അയാള്‍ വിഷമിക്കട്ടെ’ എന്നാണ് നായനാര്‍ പറഞ്ഞത്. ഷോ കഴിഞ്ഞ് എന്റെ മുഖമൊക്കെ ചുവന്ന്, വല്ലാതായി…വിഷമം ഉണ്ടെങ്കില്‍ അത് മുഴുവന്‍ എടുത്തുകളയാന്‍ ശശികുമാര്‍ സര്‍ പറഞ്ഞു. പക്ഷേ ഫുള്‍ വീഡിയോയും ടെലികാസ്റ്റ് ചെയ്തു. വീഡിയോയ്ക്ക് ഭയങ്കര വ്യൂവേഴ്‌സ് ആണ് ഉണ്ടായത്.
വീഡിയോ പുറത്തിറങ്ങിയപ്പോള്‍ അങ്ങനെ ചീത്തവിളിക്കരുതായിരുന്നുവെന്ന് നായനാരോട് പലരും പറഞ്ഞു. ഒരുദിവസം ആലുവ ഗസ്റ്റ്ഹൗസില്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് വാര്യര്‍ വന്ന് ‘സിഎം അന്വേഷിക്കുന്നുണ്ടെ’ന്ന് പറഞ്ഞു. ബാക്കി തെറി കൂടി പറയനാണെന്ന് കരുതി ‘ഞാന്‍ വരുന്നില്ലേ..’എന്ന് പറഞ്ഞു. തൊട്ടുമുന്നേ ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള പത്രക്കാരെ ചീത്തവിളിച്ച് വിട്ടതേയുള്ളൂ..ഇനി ഞാന്‍ കൂടി ചെന്നാല്‍ ശരിയാവില്ല എന്ന് പറഞ്ഞു. ഇല്ല നിങ്ങളെ പുള്ളി തിരക്കിയെന്ന് വാര്യര്‍ പറഞ്ഞു.
അവസാനം അകത്തേക്ക് പോയപ്പോള്‍ ‘എങ്ങനെയുണ്ടായിരുന്നടോ എന്റെ ചീത്തവിളി’ എന്ന് നായനാര്‍ ചോദിച്ചു. ഗംഭീരമായിരുന്നു, വളരെ വിജ്ഞാനപ്രദമായിരുന്നു, കേള്‍ക്കാത്ത കുറേ തെറികള്‍ ഉണ്ടായിരുന്നുവെന്ന് ഞാന്‍ മറുപടി നല്‍കി. ‘ആ…എല്ലാവരും പറഞ്ഞു, ഇയാളെ അത്രയൊന്നും വിളിക്കണ്ടായിരുന്നുവെന്ന്…അത് എന്തിനാണ് എല്ലാം കൊടുത്തത്? അവിടെ എഡിറ്റിംഗ് ഒന്നും ഇല്ലേ..? എന്ന് ചോദിച്ചു. പിന്നെ ഇരിക്കാന്‍ പറഞ്ഞ് ചായയൊക്കെ തന്നു. ‘എടോ ഇപ്പോള്‍ ഏഷ്യാനെറ്റ് തുറന്നാല്‍ നമ്മള്‍ രണ്ടുപേരും മാത്രമേയുള്ളൂ. ഞാന്‍ ഇന്നലെ പാലായില്‍ പോയപ്പോഴും അവിടെയും ഉണ്ടായിരുന്നു മുഖ്യമന്ത്രിയോട് ചോദിക്കാം എന്ന പരിപാടി. അവിടെയിരുന്നു ഞാന്‍ കണ്ടു. ഇന്ന് ഇപ്പൊ ഇവിടേം.. ഇയാള്‍ അത് കഴിഞ്ഞാണ് വന്നത്’ എന്ന് വളരെ ആസ്വദിച്ച് അദ്ദേഹം പറഞ്ഞു.
കുഞ്ഞുങ്ങളുടെ മനസ്സാണ് ഇ.കെ നായനാര്‍ക്ക്. മുഖ്യമന്ത്രിയായിരുന്നിട്ടും സാധാരണക്കാരനെ പോലെയാണ് പെരുമാറ്റം.
വാര്‍ത്തയുടെ വീഡിയോ കാണാം
https://www.youtube.com/watch?v=LZjBYaaTA6s