സാധാരണ സാനിറ്റൈസര്‍ ഉപയോഗവും മാസ്‌ക് ധരിക്കലും വളരെ വിരളമായേ കാണാറുള്ളൂ. എന്നാല്‍ കോവിഡ് കാലത്ത് ഓരോരുത്തരുടെയും ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത അതിപ്രധാനമായ വസ്തുക്കളായി ഇവ മാറിയിരിക്കുകയാണ്. പലനിറത്തിലും ഡിസൈനുകളിലും മാസ്‌കുകള്‍ വിപണിയില്‍ ലഭ്യമാണ്. പല ഫ്‌ളേവറുകളിലാണ് സാനിറ്റൈസര്‍ വിപണി കീഴടക്കുന്നത്. കോവിഡിന് മുന്‍പ് കച്ചവട സാധ്യത കുറവായിരുന്നെങ്കില്‍ കോവിഡ് കാലത്ത് സാനിറ്റൈസര്‍ കമ്പനികള്‍ക്ക് വന്‍ നേട്ടമാണുണ്ടായത്. ആവശ്യക്കാര്‍ ഏറിയതോടെ അമിതവിലയും ഈടാക്കുന്നവരുണ്ട്.
മാസ്‌കും സാനിറ്റൈസറും മാത്രമല്ല, പ്രതിരോധ മരുന്നുകള്‍ക്കും ഡിമാന്‍ഡ് ഏറെയാണ്.കോവിഡ് കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ക്ക് പിന്നാലെയാണ് ജനമെന്ന് ഓള്‍ ഇന്ത്യന്‍ ഒറിജിന്‍ കെമിസ്റ്റ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം നൂറോളം മരുന്നുകളാണ് വിപണിയിലെത്തിയത്. ഓഗസ്റ്റിലെ വില്‍പ്പന ജൂലൈയിലേക്കാള്‍ 6.2% കൂടുതല്‍ ആയിരുന്നു. വൈറ്റമിന്‍ സി -സിങ്ക് സംയുക്ത മരുന്നുകള്‍ക്കാണ് ഡിമാന്‍ഡ് ഏറെയും. ആവി കൊള്ളാനുള്ള മരുന്നുകളുടെ വില്‍പ്പനയും ഗണ്യമായി വര്‍ധിച്ചു.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ മരുന്ന് വാങ്ങാം എന്ന് ആയതോടെ വില്‍പ്പനയും കൂടി. നിലവില്‍ കോവിഡ് അലോപ്പതി പ്രതിരോധ മത്സരത്തില്‍ സിപ്ല, സൈഡസ് അടക്കമുള്ള കമ്പനികള്‍ രംഗത്തുണ്ട്.
അതേസമയം, മറ്റ് ചില മരുന്നുകളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞു. അലര്‍ജിക്കുള്ള മരുന്നുകളാണ് 9.8 ശതമാനത്തോളം വില്‍പനയാണ് കുറഞ്ഞത്. ഹൃദ്രോഗ മരുന്നുകളുടെ വില്‍പന ജൂലൈയില്‍ 13.1 % വളര്‍ച്ച നേടിയപ്പോള്‍ ഓഗസ്റ്റിലേത് 11.5% ആയി. പ്രമേഹം, ഉദരരോഗങ്ങള്‍ തുടങ്ങിയ മരുന്നുകളുടെ വില്‍പനയും ഇടിഞ്ഞു.
അലോപ്പതിക്ക് പുറമെ ഹോമിയോയും ആയുര്‍വേദവും ആളുകള്‍ തേടിപ്പോകുന്നുണ്ട്. ആര്‍സനികം ആല്‍ബം 30 പോലുള്ള ഹോമിയോ മരുന്നുകളുടെയും ച്യവനപ്രാശം പോലുള്ള ആയുര്‍വേദ ലേഹ്യങ്ങളുടെയും വില്‍പ്പന കൂടിയിട്ടുണ്ട്.ഔഷധകൂട്ടുകളായ ഇഞ്ചി, കുരുമുളക്, ചുക്ക്, നാരങ്ങ, മഞ്ഞള്‍ തുടങ്ങിയവയ്ക്കും വിപണിയില്‍ വന്‍ ഡിമാന്‍ഡ് ആണ്. പ്രതിരോധശേഷി കൂട്ടുന്ന, ഭക്ഷണപദാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങള്‍ക്കും ഇപ്പോള്‍ വില കൂടിയിട്ടുണ്ട്.
മഴക്കാലത്ത് പനിയും ജലദോഷവുമായി ആശുപത്രികളിലേക്ക് വരുന്ന മാതാപിതാക്കളും കുട്ടികളും സ്ഥിരകാഴ്ച്ചയാണ്. എന്നാലിപ്പോള്‍ അതില്ല. ആവശ്യമില്ലാതെ ആന്റിബയോട്ടിക്കിലേക്ക് തിരിയുന്ന സ്വഭാവത്തില്‍ മാറ്റം വന്നിരിക്കുന്നു. വീട്ടില്‍ തന്നെ ചില നാടന്‍ പൊടിക്കൈ പയറ്റി പലരും അസുഖം മാറ്റുകയാണ്. ആരോഗ്യപരിപാലനത്തിന്റെ പഴയവഴികള്‍ക്ക് പുതുമാനം നല്‍കാന്‍ ഈ കോവിഡ് കാലത്തിന് കഴിഞ്ഞിരിക്കുകയാണ്.


















