തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പറ്റിക്കുകയും പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷ നല്‍കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. നിയമസംവിധാനത്തില്‍ ഇതിനാവശ്യമായ ഭേദഗതികള്‍ക്കായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് കമ്മിഷന്‍ അംഗം അഡ്വ. എം.എസ്.താര പറഞ്ഞു.
സംസ്ഥാനത്ത് അടിക്കടിയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് വളരെ ഗൗരവത്തോടെയാണ് കമ്മിഷന്‍ കാണുന്നത്. നിയമസംവിധാനത്തിലെ പഴുതുകള്‍ ഉപയോഗിച്ച് നിസ്സാരമായ വകുപ്പുകള്‍ ചുമത്തി കേസ് ചാര്‍ജ് ചെയ്യുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനുള്ള പ്രധാന കാരണണമെന്ന് അംഗം അഡ്വ. എം.എസ്. താര പറഞ്ഞു.
ആറാട്ടുപുഴ സംഭവത്തില്‍ കേസന്വേഷണം വൈകുന്നതില്‍ വനിതാ കമ്മിഷന്‍ അതൃപ്തി അറിയിച്ചു. സംഭവം നടന്ന് ഒരാഴ്ച്ചയായിട്ടും കുറ്റാരോപിതനായ വ്യക്തിയെ ചോദ്യം ചെയ്യാത്തത് ഗുരതരമായ വീഴ്ച്ചയാണെന്നും അടിയന്തരമായി പ്രതിയെ ചോദ്യം ചെയ്ത് അന്വേഷണ നടപടികള്‍ വേഗത്തിലാക്കണമെന്ന് കമ്മിഷന്‍ തൃക്കുന്നപ്പുഴ സിഐക്ക് നിര്‍ദേശം നല്‍കി.
പെണ്‍കുട്ടിയുമായി ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന യുവാവിന്റെ വീട്ടുകാര്‍ വിവാഹത്തിനായി കൂടുതല്‍ പണം ആവശ്യപ്പെട്ടിരുന്നതായി പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കമ്മിഷനെ അറിയിച്ചു.

















