മഞ്ചേശ്വരം എംഎല്‍എ ഖമറുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ തട്ടിപ്പിനെതിരെ ബുധനാഴ്‌ച പയ്യന്നൂരിലും തലശേരിയിലും ജനപ്രതിനിധികളും നിക്ഷേപകരും സത്യഗ്രഹം നടത്തുമെന്ന് സിപിഐ എം ജില്ല സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകരെ എംഎല്‍എയും ലീഗ് നേതാവും ചേര്‍ന്ന് വഞ്ചിക്കുകയായിരുന്നു. 150 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പില്‍ ഇതിനകം 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2006 ലും 2007 ലും 2008 ലും 2012 ലും 2016 ലുമായി എം സി ഖമറുദ്ദീന്‍ ചെയര്‍മാനും, പൂക്കോയ തങ്ങള്‍ എംഡിയുമായി രൂപീകരിച്ചത് 5 കമ്പനികളാണ്. ഫാഷന്‍ ഗോള്‍ഡ് ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനം മാത്രമാണ് ചന്ദേര മാണിയാട്ട് തവക്കല്‍ കോംപ്ലക്സില്‍ സ്ഥാപിച്ചത്. നിക്ഷേപകരെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണ് മറ്റു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് വ്യക്തമാണ്.
വന്‍ ലാഭ വിഹിതം വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നും പണം നിക്ഷേപമായി സ്വീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വഞ്ചിതരായത്. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിലും തലശേരിയിലും സ്ഥാപനം ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. പയ്യന്നുരിലെ സ്ഥലവും കെട്ടിടവും വില്പന നടത്തിയിട്ടും, നിക്ഷേപകരുടെ പണം തിരിച്ചു കൊടുത്തില്ല.
ഇത്രയൊക്കെയായിട്ടും ലീഗ് നേതൃത്വം ഖമറുദീനെയും പൂക്കോയ തങ്ങളെയും സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണതയാണ് തെളിയിക്കുന്നത്. എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന നിക്ഷേപ തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അനേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വൈകിട്ട് നാലിന് നടക്കുന്ന സത്യഗ്രഹം വിജയിപ്പിക്കണമെന്നും എം വി ജയരാജൻ അഭ്യർഥിച്ചു.