തിരുവനന്തപുരം: മന്ത്രി കെ. ടി ജലീലിനെതിരെ നടക്കുന്ന വേട്ടയാടല്‍ അപകടകരമായ തലത്തിലേക്ക് കടക്കുന്നുവെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പാരിപ്പള്ളിയില്‍ വെച്ച് ജലീലിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് ആസൂത്രിതമാണെന്നും മന്ത്രി പറഞ്ഞു. വേഗത്തില്‍ വരുന്ന മന്ത്രിയുടെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം വെച്ച് അപായപ്പെടുത്താനായിരുന്നു ശ്രമമെന്നും കഷ്ടിച്ചാണ് ജലീല്‍ രക്ഷപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഇത് സമരത്തിന്റെ രൂപമല്ലെന്നും ഇത്തരത്തിലുളള വേട്ടയാടല്‍ അപകടത്തിലേക്കാണ് പോകുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
മേഴ്‌സിക്കുട്ടിയമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്
മന്ത്രി കെ ടി ജലീലിനെതിരെ നടക്കുന്ന വേട്ടയാടല്‍ അപകടകരമായ തലത്തിലേക്ക് നീങ്ങുന്നു. ഇപ്പോള്‍ ടിവിയില്‍ കണ്ടത് മന്ത്രി ജലീലിന്റെ തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ പാരിപ്പള്ളിയില്‍ വെച്ച് വേഗത്തില്‍ വരുന്ന മന്ത്രിയുടെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം വെച്ച് അപായപ്പെടുത്താന്‍ ശ്രമം. വേഗത്തില്‍ ഓടി വരുന്ന വാഹനത്തിനു മുന്നില്‍ പെട്ടെന്ന് മറ്റൊരു വാഹനം കുറുകെ വയ്ക്കുന്നത് ഉണ്ടാക്കുന്ന അപകടം എത്ര ഭീകരം ആകും എന്നത് അറിയാത്തവരാണോ ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇത് സമരത്തിന്റെ രൂപം അല്ല. ആസൂത്രിതമായി അപകടപ്പെടുത്താന്‍ നടത്തിയ നീക്കം തന്നെയാണ് എന്നതില്‍ സംശയമില്ല. മന്ത്രി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
മന്ത്രി തന്നെ ഒരു മീഡിയ പ്രവര്‍ത്തകനു നല്‍കിയ ഫോണ്‍കോളില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് എന്തായിരുന്നു ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വസ്തുത എന്ന്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഒന്നുമേ ചോദിച്ചില്ല എന്ന വസ്തുതയിരിക്കെ എന്താണ് ഇന്നലെയും ഇന്നുമായി നടത്തുന്ന കോലാഹലങ്ങള്‍. ഹാലിളകിയ പ്രതിപക്ഷത്തിന്റെ സമനിലതെറ്റിയ അഴിഞ്ഞാട്ടം. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം സെക്രട്ടറിയേറ്റില്‍ തീ പിടിച്ചപ്പോള്‍ ഇതേ പ്രകടനമാണ് നടത്തിയത്. അന്നും സമരത്തിന് ആധാരമായി പറഞ്ഞത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ കത്തിനശിച്ചു എന്നാണ്. എത്ര ജുഗുപ്‌സാവഹമായ ആരോപണങ്ങള്‍. ഇപ്പോള്‍ ആര്‍ക്കും ഫയലിനെ കുറിച്ച് മിണ്ടാട്ടമില്ല. ഇതേ ഗതി തന്നെയാണ് മന്ത്രി ജലീലിനെതിരായി നടത്തുന്ന സമരാഭാസത്തിലും സംഭവിക്കാന്‍ പോകുന്നത്. പക്ഷേ പാരിപ്പള്ളിയിലെ പോലുള്ള സംഭവം കടന്ന കൈയാണ്.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കുറ്റവാളികളെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും ആര്‍ക്കാണ് തടസ്സം? എന്താണ് വൈകുന്നത്? എന്‍ഐഎ അതിലേക്കാണ് അതിവേഗം നീങ്ങേണ്ടത്. ജലീലിനെ കരുവാക്കാന്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും കഴിയില്ല. സത്യം ജയിക്കുക തന്നെ ചെയ്യും
https://www.facebook.com/jmercykuttyamma/posts/2701020206884086?__tn__=-R