മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷ നടത്തുക. 15 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 74,083 കുട്ടികള്‍ ഇത്തവണ അധികമായി പരീക്ഷയെഴുതുന്നുണ്ട്. കേരളത്തില്‍ നിന്ന് 1,15,959 പേരാണ് പരീക്ഷയെഴുതുന്നത്.
ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെയാണ് പരീക്ഷ. 11 മണി മുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കും. 24ന് പകരം 12 പേരാണ് ഒരു ക്ലാസ് മുറിയില്‍ പരീക്ഷ എഴുതുക. വിദ്യാര്‍ത്ഥികള്‍ ഗ്ലൗസും മാസ്‌കും ധരിക്കണമെന്നും സാനിറ്റൈസര്‍ കരുതണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.
വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കാന്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ വരരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കി.
പ്രതിപക്ഷവും ഒരുകൂട്ടം വിദ്യാര്‍ത്ഥികളും പരീക്ഷ നടത്തരുതെന്ന് സുപ്രിംകോടതിയില്‍ അടക്കം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാൽ, പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.











