ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശ് (81) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ വീക്കത്തെ തുടര്‍ന്ന് ഡല്‍ഹി ലിവര്‍ ആന്‍റ് ബൈലറി സയന്‍സസ് ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അഗ്നിവേശ് ദിവസങ്ങളായി വെന്‍റിലേറ്ററിലായിരുന്നു. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശ്രമിച്ചെങ്കിലും അനാരോഗ്യം മൂലം നടത്താന്‍ കഴിഞ്ഞിരുന്നില്ല.
ആന്ധ്രയിലെ ശ്രീകാകുളത്തെ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍ 1939 സെപ്റ്റംബര്‍ 21നാണ് വേപ ശ്യാംറാവു എന്ന സ്വാമി അഗ്നിവേശിന്റെ ജനനം. നിയമത്തിലും സാമ്ബത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്‍ 1968 വരെ കല്‍ക്കട്ടയിലെ സെന്റ് സേവ്യര്‍ കോളേജില്‍ ബിസ്സിനസ്സ് മാനാജ്‌മെന്റില്‍ അധ്യാപകനായിരുന്നു. 1968 ല്‍ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു. അവിടെ ആര്യസമാജത്തില്‍ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപീകരിച്ചു. 1977 ല്‍ ഹരിയാനയിലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍, ജാതി വിരുദ്ധ സമരങ്ങള്‍, തൊഴില്‍ സമരങ്ങള്‍, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങി നിരവധി സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് അഗ്നിവേശ് ചുക്കാന്‍ പിടിച്ചിട്ടുണ്ട്.