സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് റീ എന്‍ട്രിയില്‍ പോയവരുടെ ഇഖാമയുടെ കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി ജവാസത്ത് ഡയറക്ടറേറ്റ് അറിയിച്ചു. സെപ്തംബര്‍ ഒന്നിനും 30നും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ഇഖാമയുടെ കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.കാലാവധി നീട്ടല്‍ നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
സൗദി മാനവ വിഭവ ശേഷി മന്ത്രാലയവും , നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് നടപടി. നാട്ടില്‍ പോകാനാകാതെ സൗദിയില്‍ കുടുങ്ങിയവരുടെ റീ എന്‍ട്രി കാലാവധിയും ഫൈനല്‍ എക്‌സിറ്റ് വിസാ കാലാവധിയും ഈ മാസം 30 വരെ നീട്ടി നല്‍കിയിരുന്നു. ഒരാഴ്ച മുമ്പ് നാട്ടില്‍ പോയവരുടെ റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.