സുധീര്‍നാഥ്
മെയ് മാസം കഴിഞ്ഞാല്‍ ഉത്സവങ്ങള്‍ കഴിഞ്ഞു. പിന്നെ മഴക്കാലമാണ്. ചിങ്ങം പിറക്കണം പുതിയ കലാപരിപാടികളുടെയും, ഉത്സവങ്ങളുടേയും കാലം തുടങ്ങാന്‍. ത്യക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിനാണ് കലാകാരന്‍മാര്‍ക്കുള്ള ആദ്യ വേദി ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ ത്യക്കാക്കരയിലെ ഉത്സവത്തിന് പരിപാടി ലഭിക്കാന്‍ കലാകാരന്‍മാര്‍ക്ക് താത്പര്യമാണ്. ത്യക്കാക്കരയില്‍ ഉത്സവ പരിപാടികള്‍ അവതരിപ്പിച്ച് പ്രശസ്തരായവര്‍ ഒട്ടേറെ പേരാണ്. ത്യക്കാക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വിജയിച്ച മറ്റനേകം പേരുമുണ്ട്.
ത്യക്കാക്കരയില്‍ വന്ന് പ്രശസ്തരായ എത്രയോ പേര്‍ ഇന്ന് കലാരംഗത്ത് ഉണ്ട് എന്ന് ഓര്‍ത്തു പോകുന്നു. അങ്ങിനെ വളര്‍ന്ന് വലുതായ കലാകാരന്‍മാര്‍ പ്രശസ്തിയുടെ ഉന്നതങ്ങളില്‍ എത്തിയപ്പോഴും വിനയത്തോടെ ത്യക്കാക്കരയെ ഓര്‍ക്കുന്നത് കാണാം. മേള രംഗത്ത് പ്രശസ്തനായ പെരുവനം കുട്ടന്‍മാരാര്‍ വര്‍ഷങ്ങളായി ത്യക്കാക്കരയില്‍ നിന്ന് ഈ രംഗത്ത് പ്രശസ്തനായ വ്യക്തിത്ത്വമാണ്. രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പത്മശ്രീയും അദ്ദേഹത്തെ തേടി എത്തി. മേള രംഗത്ത് എണ്ണം പറഞ്ഞ കലാകാരനായ കുട്ടന്‍ മാരാര്‍ക്ക് വലിയ ശിക്ഷ്യ സമ്പത്ത് തന്നെ ഉണ്ട്. ത്യശ്ശൂര്‍ പൂരത്തിലെ പ്രശസ്തമായ ഇലഞ്ഞിത്തറ മേളമടക്കം പ്രമുഖ ക്ഷേത്രങ്ങളിലെ മേളങ്ങളുടെ പ്രമാണിയാണ് അദ്ദേഹമിപ്പോള്‍. കുഴൂര്‍ നാരായണന്‍ ആശാനും ഏറെ കാലം ത്യക്കാക്കരയിലെ ഉത്സത്തിലെ ചെണ്ട പ്രമാണിയായിരുന്നു. ത്യക്കാക്കര ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ചെണ്ട പ്രമാണിയായിരുന്നതും അദ്ദേഹമാണ്.
ത്യക്കാക്കര ക്ഷേത്രമുറ്റത്ത് 2010 ആസസ്റ്റ് 22 ഉത്രാടം നാള്‍ 12 മണിക്കൂര്‍ തുടര്‍യായി 651 കാരിക്കേച്ചറുകള്‍ വരച്ച് സജീവ് ബാലക്യഷ്ണന്‍ റിക്കോഡിട്ടിരുന്നു. കൊച്ചി ഇന്‍കം ടാക്സ് ജോയിന്‍റ് കമ്മിഷ്ണറായ സജീവ് ബാലക്യഷ്ണന്‍ ഉത്രാടപാച്ചില്‍ എന്ന പേരില്‍ നടത്തിയ പരിപാടിക്ക് ചുക്കാന്‍ പിടിച്ചത് കേരള കാര്‍ട്ടൂണ്‍ അക്കാദമിയാണ്. ലിംക്ക ബുക്ക് ഓഫ് റെക്കോഡ് ഉള്‍പ്പടെ ഒട്ടേറെ പുരസ്ക്കാരങ്ങള്‍ അന്ന് അദ്ദേഹത്തെ തേടിയെത്തി. ലോകത്തില്‍ ഇത്രയേറെ വേഗത്തില്‍ ആരും ഒരാളുടെ മുഴുവന്‍ കാരിക്കേച്ചര്‍ വരച്ചിട്ടില്ലെന്ന് ദേശിയ അന്തര്‍ദേശിയ മാധ്യമങ്ങള്‍ സാക്ഷ്യപെടുത്തിയിരുന്നു. കേരളത്തിലെ തലമുതിര്‍ന്ന എല്ലാ കാര്‍ട്ടൂണിസ്റ്റുകളും, രാഷ്ട്രീയ, കലാ, സാംസ്ക്കാരിക രംഗത്തെ പ്രമുഖരും ത്യക്കാക്കരയില്‍ എത്തിയിരുന്നു. സജീവിന്‍റെ റെക്കോഡ് ഇന്നും ആരും തകര്‍ത്തിട്ടില്ല.
എടനാട് രാജന്‍ നമ്പ്യാര്‍ ചാക്യാര്‍കൂത്ത് രംഗത്തെ അതിപ്രശസ്തനായ കലാകാരനാണ്. ചാക്യാര്‍ കൂത്തില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. പത്താം തരത്തില്‍ പഠിക്കുന്ന സമയത്താണ് അദ്ദേഹം ത്യക്കാക്കര ക്ഷേത്ര വേദിയില്‍ കയറുന്നത്. അതിന് ശേഷം തുടര്‍ച്ചയായി ത്യക്കാക്കര ക്ഷേത്രത്തിലെ വേദിയില്‍ അദ്ദേഹം കൂത്തുപറയാന്‍ എത്തിയിരുന്നു. 2020ല്‍ കൊറോണ അതിന് തടസമായി. ഉത്സവം ചടങ്ങ് മാത്രമായി. കലാപരിപാടികള്‍ ഉണ്ടായില്ല. ഒരിക്കല്‍ ഒരു അപകടത്തില്‍ കാല് ഒടിഞ്ഞ് വിശ്രമിക്കുകയായിരുന്നു രാജന്‍ നമ്പ്യാര്‍. കൂത്തിന് മറ്റൊരാളെ വിടാമെന്ന് ക്ഷണിക്കാന്‍ വന്നവരോട് പറഞ്ഞു. ക്ഷേത്ര ഭാരവാഹികള്‍ക്ക് രാജന്‍ മാത്രം മതി എന്നായി. പ്ലാസ്റ്ററിട്ട കാലുമായി വന്ന് രാജന്‍ ത്യക്കാക്കര ക്ഷേത്രത്തില്‍ കൂത്ത് അവതരിപ്പിച്ചു.
ഇടപ്പള്ളി അശോക് രാജിന്‍റെ അശോക് രാജ് ആന്‍റ് പാര്‍ട്ടിയും, ഇടപ്പള്ളി മൈക്കിളാശാന്‍റെ നാട്യകലാകേന്ദ്രവുമാണ് കേരളത്തിലെ പ്രധാന ന്യത്ത നാടക രൂപമായ ബാലെ സംഘങ്ങള്‍. പുരാണ കഥയായിരിക്കും ബാലെയില്‍ അവതരിപ്പിക്കുന്നത്. രാജാവും, രാജ്ഞിയും, മുനിയും, തോഴിമാരും, മന്ത്രിയും, ഗുരുവും, എല്ലാം ബാലെയില്‍ കാണും. വേദിയില്‍ ഒരു വശത്തിരുന്ന് തത്സമയം ഗാനങ്ങളും ഡയലോഗുകളും അവതരിപ്പിക്കുന്ന രീതിയാണ്. ബാലെയുടെ പിന്നണിയിലെ കര്‍ട്ടനുകളാണ് എന്നെ ആകര്‍ഷിച്ചിട്ടുള്ളത്. രാജകൊട്ടാരവും, കൊട്ടാര മുറ്റവും, വനവും കര്‍ട്ടനുകളില്‍ ഉണ്ടാകും. രണ്ട് ബാലെ സംഘങ്ങളും വളര്‍ന്നത് ത്യക്കാക്കര ക്ഷേത്ര മുറ്റത്ത് നിന്നാണ്. ഉത്സവ കാലം ആരംഭിക്കുന്നത് ത്യക്കാക്കരയില്‍ നിന്നായിരുന്നല്ലോ. രണ്ട് ബാലെകളും ഒരേ വര്‍ഷം ത്യക്കാക്കരയില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. ഇന്ന് ബാലെ സംഘങ്ങള്‍ കേരളത്തില്‍ ഇല്ലെന്ന് തന്നെ പറയാം. അശോക് രാജിന്‍റെ ശിവനും ഗോപാല്‍ജിയുടെ പാട്ടും ഇന്നും ഓര്‍മ്മകളിലുണ്ട്.
പ്രശസ്ത ഹാസ്യകഥാപ്രസംഗ കലാകാരനാണ് വി ഡി രാജപ്പന്‍റെ ആദ്യ കാല വേദിയായിരുന്നു ത്യക്കാക്കര ക്ഷേത്ര മുറ്റം. കഥാപ്രസംഗ രംഗത്തെ അതിപ്രശസ്തരായ സാംബശിവനും, കെടാമംഗലവും കഥപറഞ്ഞ വേദിയില്‍ ആദ്യം വി ഡി രാജപ്പന്‍ വന്നപ്പോള്‍ ഏറെ പ്രതിഷേധമുണ്ടായി. അദ്ദേഹത്തെ ആര്‍ക്കും പരിചിതനല്ലാത്തതായിരുന്നു പ്രശ്നം. പക്ഷെ രാജപ്പന്‍ ആദ്യമായി പൊത്ത് പുത്രി എന്ന കഥ അവതരിപ്പിച്ച് തുടങ്ങിയപ്പോള്‍ തന്നെ ക്കൈയ്യടിയും ചിരിയും തുടങ്ങി. പ്രതിഷേധിച്ചവര്‍ തന്നെ ക്കൈയ്യടിച്ചു. കോട്ടയത്ത് നിന്ന് ബസില്‍ പ്രീമിയര്‍ ടയേഴ്സില്‍ ഇറങ്ങി സംഘാടകര്‍ ഒരുക്കി നിര്‍ത്തിയ കാറില്‍ ബോര്‍ഡ് കെട്ടിയാണ് ആദ്യം വി ഡി രാജപ്പന്‍ ത്യക്കാക്കര ക്ഷേത്ര മുറ്റത്ത് എത്തിയത്. കഥാപ്രസംഗം കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത വര്‍ഷത്തെ അഡ്വാന്‍സ് നല്‍കി. പിന്നീട് പലതവണ ത്യക്കാക്കര ക്ഷേത്രത്തില്‍ കഥാപ്രസംഗവുമായി മ്യഗങ്ങളുടെ ഹാസ്യ കഥ പറയാന്‍ വി ഡി രാജപ്പന്‍ എത്തി.
ത്യക്കാക്കര ഭാരത മാതാ കോളേജിലെ രണ്ട് അദ്ധ്യാപകര്‍ എഴുത്തിന്‍റെ ലോകത്ത് പ്രശസ്തരാണ്. ഇരുവരും മലയാള വിഭാഗത്തിലെ അദ്ധ്യാപകരാണ്. ടെലിവിഷന്‍ രംഗത്തും സിനിമാ രംഗത്തും വ്യത്യസ്ഥനായ ജോസി ജോസഫ് നല്ലൊരു അഭിനേതാവ് കൂടിയാണ്. 1981ല്‍ കൊല്ലത്ത് നടന്ന കേരള സര്‍വ്വകലാശാല നാടകോത്സവത്തില്‍ മികച്ച ഹാസ്യ നടനായിരുന്നു. അദ്ദേഹം എഴുതിയ പരസ്യ കലയെ കുറിച്ചുള്ള പുസ്തകം ഈ രംഗത്ത മികച്ച ക്യതിയാണ്. നോവലും, കഥകളും, കവിതകളും തനിക്ക് അന്യമല്ലെന്ന് പല രചനകളിലൂടെ അദ്ദേഹം തെളിയിച്ചു. നവോദയ നിര്‍മ്മിച്ച് ഡല്‍ഹിയില്‍ നിന്ന് ദേശിയ തലത്തില്‍ ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്ത ബൈബിള്‍ കി കഹാനിയാം എന്ന സീരിയലിന്‍റെ തിരക്കഥയില്‍ രഘുനാഥ് പല്ലേരിയോടൊപ്പം പങ്കാളിയും, സീരിയലിന്‍റെ സംവിധായകനായ ജീജോയുടെ അസോസിയറ്റ് ഡയറക്ടറുമായിരുന്നു. പ്രശസ്ത ചലചിത്ര പ്രവര്‍ത്തകന്‍ സണ്ണി ജോസഫിന്‍റെ ഇരട്ട സഹോദരനായ അദ്ദേഹം ഇന്നും ടെലിവിഷന്‍ സിനിമാ രംഗത്ത് സജീവമാണ്.
ഭാരത മാതാ കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്ന ഡോക്ടര്‍ അഗസ്റ്റിന്‍ ജോസഫ് കവിതയുടെ വഴിയിലാണ് അറിയപ്പെട്ടത്. ഒട്ടേറെ കവിതകള്‍ എഴുതി. ലേഖനങ്ങളും എഴുതി. അഞ്ചോളം പുസ്തകങ്ങള്‍ ഇറക്കി. ജ്യോതിഷത്തില്‍ ഗവേഷണം നടത്തി അദ്ദേഹം എഴുതിയ ജ്യോതിഷത്തിന്‍റെ യുക്തി എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ത്യക്കാക്കര ക്ഷേത്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ആര്‍ ജി തുറവൂര്‍ എന്ന ജോതിഷ്യന്‍ പ്രശസ്തമാകുന്നത് ത്യക്കാക്കരയില്‍ നിന്നാണ്. സിനിമാ ലോകത്തെ പ്രശസ്ത ജ്യോതിഷനായി അദ്ദേഹം വളര്‍ന്നു.

















