യു.എ.ഇ എമിറേറ്റായ അജ്മാനിലെ പൊതുപാർക്കുകളും നഗരത്തിലെ പൊതു ഒത്തുചേരൽ കേന്ദ്രങ്ങളും തുറന്നു . കോവിഡ് മുൻകരുതൽ നടപടികളോടെയാണ് ഇപ്പോൾ സന്ദർശകർക്കായി പാർക്കുകൾ തുറന്നിരിക്കുന്നത് . ജീവനക്കാർക്ക് പ്രത്യേക കോവിഡ് പരിശീലനം നൽകിയിട്ടുണ്ട്. ആളുകൾ കൂട്ടം കൂടുന്നതും, നിയന്ത്രങ്ങൾ പാലിക്കുന്നതും നിരീക്ഷിക്കും. ജീവനക്കാരുടെ സംഘം മുഴുവൻ സമയ അണുനശീകരണ പ്രവർത്തനങ്ങക്ക് നേതൃത്വം നൽകും. മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.
യാത്ര സംഘത്തിൽ അഞ്ചു പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. ഭക്ഷണ സാധനങ്ങൾ അകത്തേക്ക് അനുവദിക്കുമെങ്കിലും പണമിടപാടുകൾക്ക് ഡിജിറ്റൽ രീതികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും സുരക്ഷ വിഭാഗം അറിയിച്ചു.
സുരക്ഷിതമായ അന്തരീക്ഷമൊരുക്കി സമൂഹത്തിന് മികച്ച സേവനങ്ങൾ നൽകുമെന്നും വകുപ്പ് മേധാവി അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ നൂഐമി പറഞ്ഞു. ഒരറിയിപ്പുണ്ടാകുന്നതുവരെ പാർക്കുകൾ തുറന്നിരിക്കും. കോവിഡ് വ്യാപനത്തോടെ കഴിഞ്ഞ മാർച്ച് മുതലാണ് പാർക്കുകൾ ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

















